12 December Thursday

യുദ്ധഭീതിയിൽ പശ്ചിമേഷ്യ ; അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


ബെയ്‌റൂട്ട്‌/ ടെൽ അവീവ്‌
ഇസ്രയേലിലേക്ക്‌ ഇറാൻ മിസൈൽ ആക്രമണം നടത്തുകയും അമേരിക്കയും ഫ്രാൻസുമടക്കം ഇസ്രയേലിന്‌ പൂർണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ പശ്ചിമേഷ്യ സമ്പൂർണ യുദ്ധഭീതിയിൽ.     ലബനനിലും ​ഗാസയിലും ഇസ്രയേല്‍  കടന്നാക്രമണം രൂക്ഷമാക്കി. ലബനനിലെ തെക്കൻ ഗ്രാമങ്ങളില്‍ ഇസ്രയേൽ സൈന്യവും ഹിസ്‌ബുള്ളയും നേർക്കുനേർ ഏറ്റുമുട്ടി. എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ലബനനിലേക്ക്‌ കടന്നുകയറിയ ശേഷം ആദ്യമായാണ്‌ ഇസ്രയേൽ സൈന്യത്തിന് ആള്‍നാശമുണ്ടാകുന്നത്. അതിർത്തിയായ ബ്ലൂ ലൈൻ കടന്ന്‌ 400 മീറ്റർ അകത്തേക്ക്‌ വന്നശേഷം ഇസ്രയേൽ സൈന്യം പിൻവാങ്ങിയെന്ന്‌ ലബനൻ സ്ഥിരീകരിച്ചു. ലബനനില്‍ 12 ലക്ഷം പേര്‍   പലായനം ചെയ്തു. ​ഗാസയില്‍ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി.

ചൊവ്വ രാത്രി 180 ബാലിസ്‌റ്റിക്‌ മിസൈലുകളാണ്‌ ഇറാൻ  ടെൽ അവീവിലേക്കും ജറുസലേമിലേക്കും അയച്ചത്‌. ഇസ്രയേലിന്റെ  വ്യോമപ്രതിരോധ സംവിധാനത്തെയും അതിജീവിച്ച്‌ 90 ശതമാനം മിസൈലുകളും ലക്ഷ്യത്തിലെത്തിയെന്ന് ഇറാന്‍ വെളിപ്പെടുത്തി. ഇസ്രയേൽ ചാരസംഘടന മൊസാദ്‌ ആസ്ഥാനത്തിനുസമീപവും വ്യോമതാവളത്തിലും മിസൈലുകൾ പതിച്ചു.

അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി
ജനീവ > പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര യോ​ഗം വിളിച്ച് യുഎൻ രക്ഷാസമിതി. ബുധനാഴ്ച പ്രാദേശിക സമയം പത്തോടെയാവും യോ​ഗം നടക്കുക. ലബനനിൽ ഇസ്രയേലിന്റെ ആക്രമണവും ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണവും നടക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോ​ഗം.

ഫ്രാൻസിന്റെ അഭ്യർഥനയെ തുടർന്നാണ് യുഎൻ യോഗം വിളിച്ചിരിക്കുന്നത്. ലബനനിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സെപ്തംബർ 20നും 24നും രക്ഷാസമിതി അടിയന്തരയോ​ഗം ചേർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top