Deshabhimani

ഗാസയിൽ ഉടൻ വെടിനിർത്തണം: യുഎൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 03:22 AM | 0 min read


ഐക്യരാഷ്ട്ര കേന്ദ്രം
ഗാസയിൽ ഉടൻ വെടിനിർത്തണമെന്ന്‌ ഇസ്രയേലിനോട്‌ ആവശ്യപ്പെട്ട്‌ യു എൻ പൊതുസഭ. ഇസ്രയേൽ നിരോധിച്ച പലസ്തീൻ അഭയാർഥികൾക്കായുള്ള യു എൻ ഏജൻസിക്ക്‌ പിന്തുണയും പ്രഖ്യാപിച്ചു. 193 അംഗ പൊതുസഭയുടെ ബുധനാഴ്ച ചേർന്ന പത്താം അടിയന്തര യോഗമാണ്‌ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം അംഗീകരിച്ചത്‌.

ഇന്തോനേഷ്യ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യയടക്കം 158 രാഷ്ട്രങ്ങൾ അനുകൂലിച്ചു. ഇസ്രയേലും അമേരിക്കയുമടക്കം ഒമ്പത്‌ അംഗങ്ങൾ എതിർത്ത്‌ വോട്ടുചെയ്തു. അൽബേനിയ, ഉക്രയ്‌ൻ തുടങ്ങി 13 രാജ്യങ്ങൾ വിട്ടുനിന്നു.

ഇരുവശവും യുഎൻ രക്ഷാസമിതി ജൂണിൽ പാസ്സാക്കിയ വെടിനിർത്തൽ പ്രമേയത്തിലെ മാനദണ്ഡം പാലിക്കാൻ തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുക, ഇസ്രയേൽ ജയിലിലടച്ച പലസ്തീൻകാരെ വിട്ടയക്കുക, കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം വിട്ടുകൊടുക്കുക, ഗാസ നിവാസികളെ സ്വന്തം വീട്ടിലേക്ക്‌ മടങ്ങാൻ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളും പ്രമേയം ഉയർത്തി. അതിനിടെ, വ്യാഴാഴ്ച വ്യത്യസ്ത ആക്രമണങ്ങളിൽ ഗാസയിൽ ഇസ്രയേൽ 36 പേരെ കൊലപ്പെടുത്തി.



deshabhimani section

Related News

0 comments
Sort by

Home