22 April Monday

പ്രവാസികള്‍ക്ക് ഉംറ വിസയില്‍ ബന്ധുക്കളെ കൊണ്ടുവരാന്‍ പദ്ധതി

അനസ് യാസിന്‍Updated: Tuesday Mar 26, 2019

മനാമ> സൗദിയിലെ പ്രവാസികള്‍ക്ക് ഉംറ വിസ അനുവദിക്കുന്നതിനായി 'ഉംറ ആതിഥേയന്‍' (ഉംറതുല്‍മുദീഫ് ) എന്ന പദ്ധതി നടപ്പാക്കുന്നു. ഇതനുസരിച്ച് സൗദിയിലുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും മൂന്നു മുതല്‍ അഞ്ചു വരെ ഉംറ വിസ അനുവദിക്കും. സൗദികളുടെ സിവില്‍ രജിസ്റ്ററിലും വിദേശികളുടെ ഇഖാമയുടെ പേരിലുമാണ് ഉംറ വിസകള്‍ അനുവദിക്കുക. ഏറ്റവും അടുത്ത ബന്ധുക്കളെ ഉംറ നിര്‍വഹിക്കുന്നതിന് സൗദിയിലേക്ക് കൊണ്ടുവരാനാണ് വിദേശികള്‍ക്ക് ഉംറ വിസ അനുവദിക്കുകയെന്ന് ഹജ്, ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍ വസാന്‍ അറിയിച്ചു.

സൗദികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള ആരെയും ഇങ്ങനെ ഉംറ വിസയില്‍ കൊണ്ടുവരാം. ഉംറ വിസകളില്‍ രാജ്യത്ത് എത്തുന്നതു മുതല്‍ രാജ്യം വിടുന്നതു വരെയുള്ള താമസ, യാത്രാ സൗകര്യങ്ങള്‍ അടക്കം എല്ലാവിധ സേവനങ്ങളും തീര്‍ഥാടകര്‍ക്ക് നല്‍കേണ്ടത് വിസ അനുവദിക്കപ്പെട്ടവരുടെ ഉത്തരവാദിത്വമാകും. വര്‍ഷത്തില്‍ മൂന്നു തവണ വരെ സൗദികള്‍ക്കും വിദേശികള്‍ക്കും ഇതേപോലെ ഉംറ വിസ അനുവദിക്കുമെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. ഇതിനു പുറമെ, ഒരു കുടുംബത്തെ ഒരു ഗ്രൂപ്പായി പരിഗണിച്ച് ഉംറ വിസ അനുവദിക്കുന്ന രീതിയും നടപ്പാക്കും.

ദേശീയ വിമാന കമ്പനിയായ സൗദിയ വഴി ട്രാന്‍സിറ്റ് ആയി യാത്ര ചെയ്യുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് ട്രാന്‍സിറ്റ് ഉംറ വിസകള്‍ ഓട്ടോമാറ്റിക് ആയി അനുവദിക്കാനും പദ്ധതിയുണ്ട്. ഉംറ വിസയില്‍ രണ്ടാമതും അഞ്ചു ദിവസത്തേക്ക് വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്ന കാര്യം മന്ത്രാലയം പഠിക്കുന്നുണ്ട്.
നിലവില്‍ സൗദിയിലെ ഉംറ സര്‍വീസ് കമ്പനികള്‍ മുഖേനെയാണ് വിദേശങ്ങളിലെ തീര്‍ഥാടകര്‍ക്ക് വിസ അനുവദിക്കുന്നത്. സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്കും സൗദി പൗരന്മാര്‍ക്കും ഉംറ വിസകള്‍ അനുവദിക്കുന്നില്ല.

വിദേശ തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ ഉംറ വിസ അനുവദിക്കാനായി മഖാം പോര്‍ട്ടല്‍ പരിഷ്‌കരിച്ചു. ഉംറ ഓണ്‍ലൈന്‍ പദ്ധതി അടുത്ത വര്‍ഷത്തെ ഉംറ സീസണ്‍ മുതല്‍ ആരംഭിക്കും. ഇതോടെ ഉംറ വിസക്ക് വിദേശങ്ങളിലെ സൗദി എംബസികളെയും കോണ്‍സുലേറ്റുകളെയും സമീപിക്കേണ്ടിവരില്ല.


പ്രധാന വാർത്തകൾ
 Top