05 July Tuesday

മരിയൂപോൾ വീണെന്ന് റഷ്യ ; ചെറുത്തുനിൽക്കുകയാണെന്ന്‌ ഉക്രയ്‌ൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 18, 2022


കീവ്‌
ഉക്രയ്‌നിലെ തീരനഗരമായ മരിയൂപോൾ പൂർണമായും നിയന്ത്രണത്തിലായെന്ന്‌ റഷ്യൻ സൈന്യം. ഒളിച്ചിരിക്കാൻ ടണലുകളുള്ള അസോവ്‌സ്തൽ സ്റ്റീൽ മിൽ പരിസരത്ത്‌ മാത്രമാണ്‌ നിലവിൽ ഉക്രയ്‌ൻ സൈന്യമുള്ളത്‌. ഉക്രയ്‌ൻ സൈന്യത്തോട്‌ കീഴടങ്ങണമെന്നും റഷ്യ ആവശ്യപ്പെട്ടു. മരിയൂപോളിൽ ടർക്കിഷ്‌ പള്ളിയിൽ ഉക്രയ്‌ൻ നവനാസികൾ തടവിലാക്കിയവരെ രക്ഷപ്പെടുത്തിയതായി റഷ്യൻ പ്രതിരോധവക്താവ്‌ മേജർ ജനറൽ ഇഗർ കൊനാഷെൻകോവ്‌ പറഞ്ഞു. തുർക്കി പ്രസിഡന്റ്‌ റസപ്‌ തയ്യിബ്‌ എർദോഗന്റെ അഭ്യർഥനപ്രകാരം ശനിയാഴ്‌ച പ്രത്യേക സൈനിക ദൗത്യത്തിലൂടെയാണ്‌ ഇവരെ രക്ഷപ്പെടുത്തിയത്‌.

എന്നാല്‍, മരിയൂപോൾ ചെറുത്തുനിൽക്കുകയാണെന്ന്‌ ഉക്രയ്‌ന്റെ ഉപ പ്രതിരോധ മന്ത്രി ഹന്ന മല്യാർ പറഞ്ഞു. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക്‌ കയറാൻ സമ്മതിക്കാതെ റഷ്യൻ സൈന്യത്തെ പ്രതിരോധിക്കുകയാണ്‌ മരിയൂപോളെന്നും അവർ പറഞ്ഞു. റഷ്യ കരുതിക്കൂട്ടി മരിയൂപോളിലുള്ള ഓരോരുത്തരെയും ആക്രമിക്കുകയാണെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്‌കി ആരോപിച്ചു. ഖർകിവിൽ ഷെൽ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായും 13 പേർക്ക്‌ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്‌.

ഉക്രയ്ൻ യുദ്ധത്തെ അപലപിച്ച് മാർപാപ്പ
ഈസ്റ്റർദിന സന്ദേശത്തിൽ ഉക്രയ്ൻ യുദ്ധത്തിന്റെ ക്രൂരതയെ ശക്തമായി അപലപിച്ച് - ഫ്രാൻസിസ് മാർപാപ്പ. ഞങ്ങൾ എല്ലാവരും നിങ്ങൾക്കുവേണ്ടി  പ്രാർഥിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പ ധൈര്യം കൈവെടിയരുതെന്നും ഉക്രയ്ൻ ജനതയോട്  ആഹ്വാനം ചെയ്തു. കാലുവേദന അലട്ടിയതിനാൽ ചടങ്ങുകളിൽ  പൂർണസമയം പങ്കെടുക്കാൻ മാർപാപ്പയ്ക്ക് കഴിഞ്ഞില്ല. പതിവിന് വിഭിന്നമായി ഇരുന്നുകൊണ്ടാണ് അദ്ദേ​ഹം ഈസ്റ്റർ ദിന സന്ദേശം നൽകിയത്. കർദ്ദിനാൾ ജിയോവാനി ബാറ്റിസ്‌റ്റ റേ പോപ്പിന് പകരം പ്രധാന ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top