18 August Sunday

ബ്രെക്സിറ്റിൽ ഇന്ന‌് വീണ്ടും വോട്ടെടുപ്പ‌് ;തെരേസാ മേയ്‌ക്ക്‌ നിർണായകം

വെബ് ഡെസ്‌ക്‌Updated: Friday Mar 29, 2019

ലണ്ടൻ > ബ്രെക്സിറ്റ‌് കരാർ വെള്ളിയാഴ്ച ബ്രിട്ടീഷ‌് പാർലമെന്റിൽ മൂന്നാമത‌ും വോട്ടിനിടും. കഴിഞ്ഞ രണ്ടുതവണ മൃഗീയ ഭൂരിപക്ഷത്തിൽ തോൽവി ഏറ്റുവാങ്ങിയ തെരേസ മേയ്ക്ക‌് ഈ വോട്ടെടുപ്പ‌് നിർണായകമാകും. താൻ രാജിവച്ചാൽ കരാറിന‌് പിന്തുണ നൽകുമെങ്കിൽ രാജിക്ക‌് സന്നദ്ധയാണെന്ന‌്  കഴിഞ്ഞദിവസം മേ പാർലമെന്റിൽ അറിയിച്ചിരുന്നു. 

യുറോപ്യൻ യൂണിയനിൽ (ഇയു) നിന്നും കരാറില്ലാതെ പുറത്തുപോകുന്നത‌് ഒഴിവാക്കുന്നതിനാണ‌് കരാർ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കുന്നത‌്.  മെയ‌് 22 വരെയാണ‌് ഇയു പ്രതിനിധികൾ പുതിയ കരാർ രൂപീകരിക്കാൻ തെരേസ മേയ്ക്ക‌് സമയം നീട്ടി നൽകിയത‌്.  നേരത്തെ ബ്രിട്ടൻ ഇയു വിടാൻ തീരുമാനിച്ച ദിവസമായിരുന്നു 29.

ഏപ്രിൽ 12 നകം കരാറിൽ അന്തിമ തീരുമാനം വേണമെന്നാണ‌് ഇയുവിന്റെ ശുപാർശ. ഇത‌് ദോഷകരമായി ബാധിക്കുന്നത‌് സാമ്പത്തിക മേഖലയിലായിരിക്കുമെന്നാണ‌് വിദഗ‌്ധർ ചൂണ്ടിക്കാണിക്കുന്നത‌്. കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന‌് വിട്ടുപോരുകയാണെങ്കിൽ അത‌് ഏറ്റവും കൂടുതൽ ബാധിക്കുക ചെറുകിട കച്ചവടക്കാരെയാണെന്ന‌് ലേബർ പാർടി നേതാവ‌് ജെറമി കോർബിൻ പറഞ്ഞു.

അയർലൻഡ‌് അതിർത്തിയെ സംബന്ധിച്ച‌ വ്യക്തമായ തീരുമാനത്തിലെത്താനും മേയ്ക്ക‌് ഇതുവരെ കഴിഞ്ഞിട്ടില്ല.  അതേസമയം ബ്രെക്സിറ്റിൽ വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട‌് ലണ്ടനിൽ വൻ പ്രതിഷേധ റാലികൾ നടക്കുകയാണ‌്.


പ്രധാന വാർത്തകൾ
 Top