19 September Saturday

യുഎഇ ‐ ഇസ്രയേല്‍ കരാര്‍: അറബ് മേഖലയില്‍ സമ്മിശ്ര പ്രതികരണം, പലസ്‌തീന്‍ നേതൃത്വം കരാര്‍ തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

ദുബായ് > ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാനുള്ള യുഎഇ തീരുമാനത്തില്‍ അറബ് മേഖലയില്‍ സമ്മിശ്ര പ്രതികരണം. ഒമാന്‍, ബഹ്‌റൈന്‍, ഈജിപ്‌ത്, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കരാറിനെ സ്വാഗതം ചെയ്‌തു. പലസ്‌തീന്‍ നേതൃത്വം കരാര്‍ തള്ളി. ഇറാനും തുര്‍ക്കിയും കരാറില്‍ പ്രതിഷേധം രേഖപ്പെടുത്തി. യുഎഇയില്‍ നിന്നും നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചതായി പലസ്തീന്‍ അറിയിച്ചു. യുഎഇയുമായുള്ള നയതന്ത്ര ബന്ധം നിര്‍ത്തിവെച്ചേക്കുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അമേരിക്കന്‍ മധ്യസ്ഥതിയിലുള്ള യുഎഇ-ഇസ്രയേല്‍ കരാര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്‌തീന്‍ ഭൂപ്രദേശം കൂടുതല്‍ പിടിച്ചെടുക്കുന്നത് ഇസ്രയേല്‍ നിര്‍ത്തിവെയ്ക്കും. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധങ്ങള്‍ സാധാരണ നിലയിലാക്കും. എംബസികള്‍ സ്ഥാപിക്കുകയും നയതന്ത്ര പ്രതിനിധിനികളെ നിയമിക്കുകയും ചെയ്യും. നേരിട്ടുള്ള വിമാന സര്‍വീസ്, സുരക്ഷ, ടെലികമ്മ്യൂണിക്കേഷന്‍, ഊര്‍ജ്ജം, ടൂറിസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ ബന്ധം ശകതമാക്കും. കരാര്‍ ഒപ്പിടല്‍ ചടങ്ങ് വരും ആഴ്ചകളില്‍ വൈറ്റ് ഹൗസില്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമായി യുഎഇ. നേരത്തെ ഈജിപ്‌തും ജോര്‍ദ്ദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. കരാറിനെ പസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അപലപിക്കുകയും നിരസിക്കുകയും ചെയ്തു. ജറുസലേം, അല്‍-അക്‌സ, പലസ്‌തീ‌ന്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ കരാര്‍ വഞ്ചിച്ചിച്ചുവെന്ന് അബ്ബാസിന്റെ മുതിര്‍ന്ന ഉപദേഷ്‌ടാവ് നബില്‍ അബു റുഡൈനെ പറഞ്ഞു.

കരാര്‍ പലസ്‌തീനികള്‍ക്കള പിന്നിലേറ്റ കുത്താണെന്ന് ഗാസയുടെ നിയന്ത്രണമുള്ള ഹമാസ് കുറ്റപ്പെടുത്തി. പലസ്തീനികളുടെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്ന് മാത്രമല്ല ഇസ്രയേല്‍ അധിനിവേശത്തെ പ്രോത്‌സാഹിപ്പിക്കുന്നതുമാണെന്ന് ഹമാസ് വക്താവ് ഹസീം ഖാസെം  പ്രസ്താവനയില്‍ ആരോപിച്ചു. യുഎഇ വിദേശ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് കരാറിനെ ന്യായീകരിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ധീരമായ ഇടപെടല്‍ പലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്ന ഭീഷണി ഒഴിവാക്കിക്കൊണ്ട്, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാന അവസരങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചതായി ഗര്‍ഗാഷ് പറഞ്ഞു.

ബന്ധം സാധാരണ നിലയിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതായും ഈ നടപടി ശാശ്വതമായ പശ്ചിമേഷ്യന്‍ സമാധാനം കൈവരിക്കാന്‍ സഹായിക്കുമെന്നും ഒമാന്‍ പറഞ്ഞു. യുഎഇ തീരുമാനത്തിന് ഒമാന്‍ പിന്‍തുണ അറിയിച്ചു. പലസ്തീന്‍ ഭൂമി പിടിച്ചെടുക്കല്‍ അവസാനിപ്പിക്കുന്ന കരാറിനുവേണ്ടി പ്രവര്‍ത്തിച്ച യുഎഇയിലെ ഭരണ നേതൃത്വത്തെ ബഹ്‌റൈന്‍ പ്രശംസിച്ചു. 1967 ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ പലസ്തീന്‍ രാഷ്ട്രം സ്വീകരിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നതില്‍ വിജയിച്ചാല്‍ യുഎഇ-ഇസ്രായേല്‍ കരാര്‍ സ്തംഭിച്ച സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജാര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി പ്രസ്താവനയില്‍ പറഞ്ഞു.

കരാര്‍ സംബന്ധിച്ച് അമേരിക്കയും യുഎഇയും ഇസ്രായേലും തമ്മിലുള്ള സംയുക്ത പ്രസ്താവന താന്‍ താല്‍പ്പര്യത്തോടെയും അഭിനന്ദനത്തോടെയും കാണുന്നതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ട്വിറ്ററില്‍ കുറിച്ചു. അതേസമയം. കരാറിനെക്കുറിച്ച് സൗദി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.കരാറിനെ ഇറാന്‍ ശക്തമായി അപലപിച്ചു, ഇത് തന്ത്രപരമായ വിഡ്ഡിത്തമാണെന്നും ഇത് സയണിസ്റ്റ് ഭരണത്തിനെതിരായ പ്രാദേശിക ഐക്യം ശക്തിപ്പെടുത്തുംമെന്നും ഇറാന്‍ പ്രസ്‌താവിച്ചു.

കരാറിനെ അപലപിച്ച തുര്‍ക്കി പലസ്തീന്‍ ലക്ഷ്യത്തെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി വഞ്ചിക്കുകയാണെന്നും ആരോപിച്ചു. ജര്‍മ്മനിയും ഫ്രാന്‍സും അടക്കമുള്ള വിവിധ വിദേശ രാജ്യങ്ങള്‍ കരാറിനെ സ്വാഗതം ചെയ്തു. ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് പലസ്തീനികളുമായി ദ്വിരാഷ്ട്ര പരിഹാരം കാണാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top