26 September Saturday

പലസ്തീന്‍ അധിനിവേശം നിര്‍ത്തിവയ്‌ക്കാന്‍ ഇസ്രയേല്‍ –യുഎഇ ധാരണ

അനസ് യാസിന്‍Updated: Thursday Aug 13, 2020

മനാമ> പലസ്തീൻ പ്രദേശങ്ങളിൽ അധിനിവേശം വ്യാപിപ്പിക്കുന്നത് ഇസ്രയേൽ നിർത്തിവയ്‌ക്കുന്നു. യുഎഇയുമായുണ്ടാക്കിയ ധാരണയിലാണ് ഈ തീരുമാനം. അബുദാബി കിരീടാവകാശി ഷെയ്ഖ്‌ മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാനാണ്‌ ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്‌. ആദ്യമായാണ്‌ ഒരു ഗൾഫ്‌‌ രാഷ്‌ട്രം ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങുന്നത്‌. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ ചർച്ചയിൽ ഇസ്രയേൽ –--പലസ്തീൻ പ്രദേശങ്ങളിലെ അധിനിവേശം നിർത്തിവയ്‌ക്കാൻ ധാരണയിലെത്തിയതായി അദ്ദേഹം പറഞ്ഞു.

യുഎഇയും ഇസ്രയേലും സഹകരണത്തിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാനും തീരുമാനമായി. ഇസ്രയേൽ–--പലസ്തീൻ തർക്കത്തിൽ നീതിപൂർവവും സമഗ്രവുമായ ഒരു പരിഹാരം നേടുന്നതിനായി ശ്രമം തുടരും. എല്ലാ മുസ്ലിങ്ങൾക്കും അൽ അക്‌സാ പള്ളി സന്ദർശിച്ച് പ്രാർഥിക്കാം. കൂടാതെ ജറുസലേമിലെ മറ്റ് പുണ്യസ്ഥലങ്ങൾ എല്ലാ മതങ്ങളിലെയും സമാധാനപരമായി ആരാധിക്കുന്നവർക്കായി തുറന്നു നൽകാനും ‘സമാധാനത്തിനുള്ള ദർശന'ത്തിൽ പ്രതിപാദിച്ചു.

 ട്രംപും ‌‌ഇതുസംബന്ധിച്ച്‌ ട്വീറ്റ്‌ ചെയ്തു‌. ട്രംപിന്റെ ട്വീറ്റിന്‌ പിന്നാലെ അമേരിക്ക, ഇസ്രയേൽ, യുഎഇയും ചേർന്ന്‌ ‌സംയുക്തപ്രസ്‌താവന ഇറക്കി. നേരിട്ടുള്ള വിമാനസർവീസുകൾ, സുരക്ഷ, വിവരസാങ്കേതിക വിദ്യ, ഊർജം, ടൂറിസം, ആരോഗ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ അടുത്തുതന്നെ ഇരു രാജ്യങ്ങളും കരാർ ഒപ്പിടും. ചരിത്രപരമായ ഈ നയതന്ത്ര നീക്കം മേഖലയിൽ സമാധാനം കൈവരിക്കാൻ ഉതകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top