13 July Monday

യുഎഇയില്‍ വിസാ പിഴ ഒഴിവാക്കി; രാജ്യം വിടാന്‍ മൂന്നു മാസം സമയം

അനസ് യാസിന്‍Updated: Thursday May 14, 2020

ദുബായ്‌>  യുഎഇയില്‍ മാര്‍ച്ച് ഒന്നിന് മുന്‍പ് കാലാവധി അവസാനിച്ച എല്ലാ വിസകളുടെയും പിഴയും ഒഴിവാക്കി. ഇവര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാന്‍ മെയ് 18 മുതല്‍ മൂന്നു മാസ സമയവും അനുവദിച്ചു.താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എമിറേറ്റ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവക്കും ഉത്തരവ് ബാധകമാണ്.

മാര്‍ച്ച് ഒന്നിന് ശേഷം കാലവാധി കഴിഞ്ഞ എല്ലാ വിസകള്‍ക്കും എമിറേറ്റ് ഐഡികള്‍ക്കും ഈ വര്‍ഷം ഡിസംബര്‍ അവസാനംവരെ കാലാവധി നല്‍കി കഴിഞ്ഞ ഏപ്രില്‍ 13ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

എമിറേറ്റ്‌സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചതിന്റെ പേരില്‍ നടപടി നേരിടുന്നവരും പിഴ അടക്കേണ്ടതില്ലെന്ന് ഫെഡറല്‍ അതോറിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് ബ്രിഗേഡിയര്‍ ഖാമിസ് അല്‍ കാബി പറഞ്ഞു. ഇങ്ങനെ രാജ്യം വിടുന്നവര്‍ക്ക് തിരിച്ചുവരുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് ഒന്നിന് മുന്‍പ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
പിഴയുള്ളതിനാല്‍ പ്രത്യേക വിമാനങ്ങളില്‍ പോലും നാട്ടിലേക്ക് പോകാന്‍ സാധിക്കാതിരുന്ന ആയിരകണക്കിന് പ്രവാസികളുണ്ട്. ഇവര്‍ക്ക് പുതിയ പ്രഖ്യാപനം പൊതുമാപ്പിന്റെ പ്രയോജനമാണ് ചെയ്യുക.
 


പ്രധാന വാർത്തകൾ
 Top