30 May Saturday

അന്താരാഷ്‌ട്ര ‘മതസ്വാതന്ത്ര്യ’ സഖ്യവുമായി അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020

വാഷിങ്‌ടൺ >  വലതുപക്ഷ ഭരണമുള്ള ചില രാജ്യങ്ങളെ ഉൾപ്പെടുത്തി അമേരിക്ക ‘അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ സഖ്യം’ രൂപീകരിച്ചു. 27 രാഷ്‌ട്ര സഖ്യത്തിൽ 15 രാജ്യങ്ങളും കിഴക്കൻ യൂറോപ്പിൽനിന്നും മധ്യേഷ്യയിലെ മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കുകളുമാണ്‌. ബ്രിട്ടൻ ഒഴികെ പ്രധാന യൂറോപ്യൻ രാജ്യങ്ങളൊന്നും സഖ്യത്തിലില്ല.

അറബ്‌ പൗരന്മാരെ അടിച്ചമർത്തുന്ന ജൂതവംശീയ രാഷ്‌ട്രമായ ഇസ്രയേലും തദ്ദേശ വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും മറ്റുമെതിരെ നിലപാട്‌ പുലർത്തുന്ന പ്രസിഡന്റുള്ള ബ്രസീലും ബ്രിട്ടനും സഖ്യത്തിലുണ്ട്‌. എന്നാൽ, ക്യാനഡയും ഫ്രാൻസ്‌, സ്‌പെയിൻ, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിലും ജീവിതനിലവാരത്തിലും മുന്നിലുള്ള സ്‌കാൻഡിനേവ്യൻ രാജ്യങ്ങളും സഖ്യത്തിലില്ല.

ലോകമെങ്ങും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലും നിലനിർത്തുന്നതിലും കൂട്ടായ സമീപനം സ്വീകരിക്കുകയാണ്‌ സഖ്യത്തിന്റെ ലക്ഷ്യം. എല്ലാ മനുഷ്യർക്കും അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുകയും പോരാടുകയും ചെയ്യുന്ന സമാനമനസ്‌കരുടെ സഖ്യം എന്നാണ്‌ ഔപചാരികമായി തുടക്കംകുറിച്ച്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ പറഞ്ഞത്‌.

ലോകത്ത്‌ ഇന്ന്‌ പത്തിൽ എട്ടുപേരും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി ആചരിക്കാൻ കഴിയാത്ത രാജ്യങ്ങളിലാണ്‌ ജീവിക്കുന്നതെന്ന്‌ പോംപിയോ പറഞ്ഞു. ന്യൂനപക്ഷങ്ങള ആക്രമിക്കുന്ന ഭീകരരെയും മതതീവ്രവാദികളെയും മതനിന്ദാ നിയമങ്ങളെയും തങ്ങൾ അപലപിക്കുന്നു. എല്ലാ വിശ്വാസങ്ങളോടും ശത്രുത പുലർത്തുന്ന ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയെ അപലപിക്കുന്നതായി എടുത്തുപറഞ്ഞ പോംപിയോ ചൈനയുടെ സമ്മർദത്തെ ധീരമായി തള്ളിയാണ്‌ പല രാജ്യങ്ങളും സമ്മേളനത്തിൽ പങ്കെടുത്തതെന്ന്‌ അവകാശപ്പെട്ടു.
 


പ്രധാന വാർത്തകൾ
 Top