26 March Sunday
മരണസംഖ്യ ഉയരും

തുർക്കി - സിറിയ ഭൂകമ്പം ; മരണം 3100 , പതിനായിരത്തോളംപേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

അങ്കാറ
തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളിൽ മൂവായിരത്തിഒരുന്നൂറോളം ആളുകൾ മരിച്ചു. തുർക്കിയിലെ ഗസിയന്റെപ്‌ കേന്ദ്രമായി തിങ്കൾ പുലർച്ചെ 4.17നാണ്‌ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം ഉണ്ടായത്‌. കെയ്‌റോവരെ അതിന്റെ പ്രകമ്പനമുണ്ടായി. ഗസിയെന്റെപിൽനിന്ന്‌ 33 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽനിന്ന്‌ 18 കിലോമീറ്റർ ആഴത്തിലാണ്‌ പ്രഭവസ്ഥാനം. ഇതിന്‌ 100 കിലോമീറ്റർ അകലെ  പ്രാദേശിക സമയം പകൽ 1.30നാണ്‌ (ഇന്ത്യൻ സമയം വെെകിട്ട്‌ നാല്‌) രണ്ടാമത്തെ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തി.  ഉച്ചയ്ക്കുശേഷമാണ് മൂന്നാമത്തെ ഭൂകമ്പം  ഉണ്ടായത്. തീവ്രത ആറ്.തുർക്കിയിൽമാത്രം ആയിരത്തിലധികം മരണം. 5300 പേർക്ക്‌ പരിക്കേറ്റു. സിറിയയിൽ തിങ്കൾ വൈകിട്ടുവരെ തൊള്ളായിരം പേർ മരിച്ചതായാണ്‌ ഔദ്യോഗിക കണക്ക്‌. പരിക്കേറ്റ്‌ ചികിത്സയിലുള്ളവർ 2000. പുറത്തുവരുന്ന നാശനഷ്ടവിവരങ്ങൾ അധികവും ആദ്യ ഭൂകമ്പത്തിന്റേതാണ്‌. മറ്റ് വിവരം കൂടി പുറത്തുവരുമ്പോൾ മരണസംഖ്യയിൽ ഗണ്യമായ വർധനയുണ്ടാകുമെന്ന്‌ തുർക്കി പ്രസിഡന്റ്‌ റജെബ്‌ തയ്യിപ്‌ എർദോഗൻ പറഞ്ഞു. പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ ഇരു രാജ്യങ്ങളിലുമായി ആയിരക്കണക്കിന്‌ കെട്ടിടങ്ങൾ തകർന്നു. ഉറങ്ങിക്കിടന്ന ആയിരക്കണക്കിന്‌ ആളുകൾ കെട്ടിടങ്ങൾക്ക്‌ അടിയിലായി. രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തബാധിത മേഖലയിൽനിന്ന്‌ ആയിരക്കണക്കിന്‌ ആളുകളെ മാറ്റിപ്പാർപ്പിച്ചു. മഞ്ഞും മഴയും കടുത്ത തണുപ്പുമുള്ള കാലാവസ്ഥ രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കി. പത്ത്‌ പ്രവിശ്യകളിലായി തുർക്കിയിലെ അഡന, ദിയാർബകിർ ഉൾപ്പെടെയുള്ള മേഖലകളാണ്‌ വലിയതോതിൽ ബാധിക്കപ്പെട്ടത്‌. ഇസ്‌കെന്ദെരുണിൽ  ആശുപത്രി തകർന്നുവീണു. ഗസിയെന്റെപിലെ പ്രസിദ്ധമായ കൊട്ടാരത്തിനും വലിയ കേടുപാടുണ്ടായി. 

സിറിയയിലും വിവിധ ആരോഗ്യകേന്ദ്രങ്ങളിൽനിന്നായി രോഗികളെയും നവജാതശിശുക്കളെയുമടക്കം സുരക്ഷിത ഇടത്തേക്ക് മാറ്റേണ്ടിവന്നു. അലെപ്പൊ, ഹമാ, അസ്‌മരിൻ തുടങ്ങിയ നഗരങ്ങളിലും വൻനാശമുണ്ടായി. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ്‌ മേഖലയാണ്‌ ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. ഇവിടെമാത്രം ഇരുനൂറിലധികം മരണം സ്ഥിരീകരിച്ചു. ബോംബാക്രമണത്തിൽ നേരത്തേതന്നെ കേടുപാടുണ്ടായ കെട്ടിടങ്ങളാണ്‌ മേഖലയിൽ അധികവും. ഭൂകമ്പങ്ങളും തുടർചലനങ്ങളും ഉണ്ടായതിനെ തുടർന്ന്‌ മേഖലയിലെ പരിമിതമായ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ഭൂകമ്പസാധ്യതാ മേഖലയാണ്‌ ഇപ്പോൾ ദുരന്തമുണ്ടായ പ്രദേശം. 1999ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിലുണ്ടായ ഭൂകമ്പങ്ങളിൽ 18,000 പേർ കൊല്ലപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളും നാറ്റോ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയും അടിയന്തര സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്‌.


 

50 തുടര്‍ചലനങ്ങള്‍
ശക്തമായ മൂന്ന് ഭൂകമ്പത്തിനിടെ മേഖലയിൽ അനുഭവപ്പെട്ടത് 50 ലധികം തുടർചലനങ്ങൾ. പ്രധാന റോഡുകളെ മഞ്ഞുമൂടിയത്  തുടക്കംമുതൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഭൂകമ്പ പ്രദേശത്തെ മൂന്ന് പ്രധാന വിമാനത്താവളം പ്രവർത്തന രഹിതമായതും ദുരിതാശ്വാസമെത്തുന്നത് വൈകിച്ചു.കഹ്‌റാമൻമാറസിനും ഗാസിയാൻന്റെപ്പിനും ഇടയിലുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്താണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്. മുൻകരുതലെന്ന നിലയിൽ പ്രദേശത്തെ പ്രകൃതിവാതകവും വൈദ്യുതി വിതരണവും ഉദ്യോഗസ്ഥർ വിച്ഛേദിക്കുകയും രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കുകയും ചെയ്തു.

മാൾട്ടായ പ്രവിശ്യയിൽ പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്തമായ മസ്ജിദ് ഭാഗികമായി തകർന്നു, അവിടെ 92 ആളുകൾ താമസിച്ചിരുന്ന 28 അപ്പാർട്ടുമെന്റുകളുള്ള 14 നില കെട്ടിടവും തകർന്നു. ഗാസിയാൻടെപ്പിൽ റോമൻ സൈന്യം നിർമിച്ച 2,200 വർഷം പഴക്കമുള്ള ഒരു കുന്നിൻ മുകളിലെ കോട്ട തകർന്നതിന്റെ ദൃശ്യവും പുറത്തുവന്നു. റഷ്യ നാവിക സൈനികർ ഉപയോ​ഗിക്കുന്ന സിറിയൻ മേഖലയിലെ അലപ്പോ, ലതാകിയ, ഹമ, ടാർട്ടസ് എന്നീ പ്രവിശ്യകളിൽ വൻ നാശനഷ്ടമുണ്ടായതായി സിറിയൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.


 

സഹായവാഗ്‌ദാനവുമായി ലോകം
ഭൂകമ്പത്തിൽ വൻ നാശമുണ്ടായ തുർക്കിക്കും സിറിയക്കും സഹായവാഗ്‌ദാനവുമായി ലോകരാജ്യങ്ങൾ. നാറ്റോയും യൂറോപ്യൻ യൂണിയനും സഹായവാഗ്‌ദാനവുമായി മുന്നോട്ടുവന്നു. 45 രാജ്യം സഹായവാഗ്‌ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ്‌ റെജബ്‌ തയ്യിപ്‌ എർദോഗൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ വൈദ്യസംഘം അടിയന്തര ശുശ്രൂഷയും ചികിത്സയും ആരംഭിച്ചതായി ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌ പറഞ്ഞു. രണ്ടു വിമാനവും 100 രക്ഷാപ്രവർത്തകരെയും ഉടൻ അയക്കാമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ പറഞ്ഞു. പോളണ്ടും രക്ഷാസംഘത്തെ അയച്ചു.സാധ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനക്‌ പറഞ്ഞു. അടിയന്തര സഹായം എത്തിക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുൽ മാക്രോണും ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസും പറഞ്ഞു.  ഉക്രയ്‌നും സഹായം വാഗ്‌ദാനം ചെയ്തു.

അടിയന്തര വൈദ്യസഹായം എത്തിക്കാനും എന്ത്‌ സഹായത്തിനും തയ്യാറാകാനും ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. എർദോഗനുമായി നിരന്തരം ആശയവിനിമയം പുലർത്തുന്നതായും ആവശ്യമായ സഹായം എത്തിക്കുമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടൻ ബെർഗ്‌ പറഞ്ഞു.

ഇന്ത്യ തിരച്ചില്‍ 
സംഘത്തെ അയക്കും
തുർക്കിയിലെ ഭൂകമ്പബാധിത മേഖലയിലേക്ക് ഇന്ത്യ രക്ഷാപ്രവർത്തനത്തിനായി ദേശീയദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) അയക്കും. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേർ അടങ്ങുന്ന എൻ‌ഡി‌ആർ‌എഫിന്റെ രണ്ടു സംഘമാണ് പുറപ്പെടുക. അവശ്യമരുന്നുമായി ഡോക്ടർമാരുള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെയും  സജ്ജമാക്കി. അടിയന്തര ദുരിതാശ്വാസ നടപടി ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടിയന്തരയോ​ഗം വിളിച്ചു ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top