17 October Thursday

തയ്യിപ‌് എർദോഗന‌് കനത്ത പ്രഹരം: ഇസ്താംബുളിൽ പ്രതിപക്ഷത്തിന‌് വൻ വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

ഇസ്താംബുൾ> തുർക്കിയിൽ അപ്രമാദിയായി വാഴുന്ന പ്രസിഡന്റ‌് റസിപ്‌ തയ്യിപ‌് എർദോഗന‌് കനത്ത പ്രഹരമേകി ഇസ‌്താംബുൾ നഗരത്തിന്റെ ഭരണം പ്രതിപക്ഷം പിടിച്ചെടുത്തു. മേയർ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പീപ്പിൾസ‌് പാർടി സ്ഥാനാർഥി എക്രെം ഇമാമോഗ‌്‌ലു 7.75 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന‌്  ഭരണകക്ഷിയായ എകെ പാർടിയുടെ സ്ഥാനാർഥിയായ മുൻ പ്രധാനമന്ത്രി ബിനാലി യൽദിരത്തെ പരായപ്പെടുത്തി.

രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ ഭരണം കാൽനൂറ്റാണ്ടിനുശേഷമാണ‌് എകെ പാർടിക്ക‌് നഷ്ടമാകുന്നത‌്. മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ 13,000 വോട്ടിന‌് അദ്ദേഹം ജയിച്ചിരുന്നെങ്കിലും എകെ പാർടിയുടെ പരാതിയെ തുടർന്ന‌് അസാധുവാക്കിയതാണ‌്. വീണ്ടും മത്സരിച്ചപ്പോൾ ഇമാമോഗ‌്‌ലുവിന്റെ ഭൂരിപക്ഷം പതിന്മടങ്ങ‌് കുതിച്ചുയർന്നത‌് എർദോഗന‌് വൻ ആഘാതമായി. ‘ഇസ്താംബുൾ നേടുന്നവർ, തുർക്കിയും നേടും’ എന്ന‌് പ്രഖ്യാപിച്ചാണ‌് എർദോഗൻ തെരഞ്ഞെടുപ്പിനെ നേരിട്ടത‌്.

2003 മുതൽ പ്രധാനമന്ത്രിയായും പിന്നീട‌് പ്രസിഡന്റായും തുർക്കിയെ ഭരിക്കുന്ന എർദോഗൻ രാജ്യത്തെ ചൊദ്യംചെയ്യപ്പെടാത്ത നേതാവാണ‌്. ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ‌്തഫ കെമാൽ അതാതുർക്കിനുശേഷം ഏറ്റവും ശക്തനായ നേതാവായാണ‌് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത‌്. പ്രതിപക്ഷ കക്ഷികളുടെയാകെ പിന്തുണയോടെ മത്സരിച്ച ഇമാമോഗ‌്‌ലുവിന്റെ വൻ വിജയം എർദോഗന്റെ പടിയിറക്കത്തിന്റെ നാന്ദിയായി രാഷ‌്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. എർദോഗന്റെ ഏകാധിപത്യവാഴ‌്ചക്കെതിരെയും സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും ജനങ്ങൾ ശക്തമായ പ്രക്ഷോഭത്തിലാണ‌്. ഇവ വരുംനാളുകളിൽ കൂടുതൽ ശക്തമാകാൻ ഇസ്‌താംബുളിലെ ജയം ഇന്ധനമാകും.

നഗരത്തിനും രാജ്യത്തിനും പുതിയ തുടക്കമാണിതെന്ന‌് വിജയപ്രസംഗത്തിൽ ഇമാമോഗ‌്‌ലു പറഞ്ഞു. ‘എന്നെ പിന്തുണച്ചവർ ജനാധിപത്യത്തെ ഉറപ്പിച്ചുനിർത്തി. ഇസ‌്താംബുളിൽ ഞങ്ങൾ പുതിയ താൾ തുറക്കുന്നു. അതിൽ നീതിയും സമത്വവും സ‌്നേഹവും ഉണ്ടാകും’–- അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top