24 November Tuesday

കമല ഹാരിസ്‌ കമ്യൂണിസ്റ്റ്‌ ; അവർ ഒട്ടും ഇഷ്ടപ്പെടാനാകാത്തവളും ഭയങ്കരിയും : ഡോണൾഡ്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥിയായ ജോ ബൈഡന്റെ മത്സര പങ്കാളിയായ കമല ഹാരിസ്‌ കമ്യൂണിസ്റ്റാണെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. കമല ഹാരിസും റിപ്പബ്ലിക്കൻ വൈസ്‌ പ്രസിഡന്റ്‌ ‘സ്ഥാനാർഥി’ മൈക്‌ പെൻസും തമ്മിൽ നടന്ന സംവാദത്തിനുശേഷം ഫോക്‌സ്‌ ന്യൂസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ട്രംപ്‌ കമലയെ കമ്യൂണിസ്റ്റാക്കിയത്‌. ബൈഡന്‌ അധികം ആയുസ്സില്ലെന്ന മട്ടിൽ സംസാരിച്ച ട്രംപ്‌ തന്റെ എതിർ സ്ഥാനാർഥി ജയിച്ചാൽ ഒരു മാസത്തിനകം കമല അധികാരം ഏറ്റെടുക്കുമെന്നും പറഞ്ഞു.

കമല ഹാരിസ്‌ ഒട്ടും ഇഷ്ടപ്പെടാനാകാത്തവളും ഭയങ്കരിയുമാണെന്ന്‌ ട്രംപ്‌ ആക്ഷേപിച്ചു. അവർ കമ്യൂണിസ്റ്റാണ്‌. ബേണി സാൻഡേഴ്‌സിനേക്കാൾ ഇടതുപക്ഷമാണ്‌. ഒരു സോഷ്യലിസ്റ്റിനുമപ്പുറം അവർ ഒരു കമ്യൂണിസ്റ്റാണ്‌. നമുക്ക്‌ ഒരു കമ്യൂണിസ്റ്റിനെ (പ്രസിഡന്റായി) കിട്ടാൻ പോകുകയാണ്‌. ‘നോക്കൂ, ഞാൻ ജോയുടെ (ബൈഡൻ) അടുത്തിരുന്നു. ഞാൻ ജോയെ നോക്കി. ജോ പ്രസിഡന്റായി രണ്ടുമാസം തികയ്‌ക്കാൻ പോകുന്നില്ല. ഇതാണ്‌ എന്റെ അഭിപ്രായം. അയാൾ രണ്ടുമാസം തികയ്‌ക്കാൻ പോകുന്നില്ല’–- ട്രംപ്‌ പറഞ്ഞു.

ഇതേസമയം,  പ്രസിഡന്റ്‌ സ്ഥാനാർഥികൾ തമ്മിലുള്ള രണ്ടാമത്തെയും മൂന്നാമത്തെയും സംവാദങ്ങൾ ഒരാഴ്‌ചവീതം നീട്ടി 22നും 29നും നടത്തണമെന്ന്‌ റിപ്പബ്ലിക്കൻ പാർടി നിർദേശിച്ചു. എന്നാൽ, ഡെമോക്രാറ്റുകൾ ഈ നിർദേശം തള്ളി. സംവാദം സംഘടിപ്പിക്കുന്ന സ്വതന്ത്ര കമീഷൻ 15നു നടക്കേണ്ട രണ്ടാം സംവാദം വിർച്വലാക്കാൻ തീരുമാനിച്ചെങ്കിലും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ്‌ അത്‌ അംഗീകരിക്കില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ഇതിനകം 66 ലക്ഷത്തിൽപ്പരം അമേരിക്കക്കാർ വോട്ട്‌ ചെയ്‌തുകഴിഞ്ഞതായി റോയിട്ടേഴ്‌സ്‌ റിപ്പോർട്ട്‌ ചെയ്‌തു. 2016ൽ ഈ സമയത്തിനകം മുൻകൂർ വോട്ട്‌ ചെയ്‌തവരുടെ എണ്ണത്തിന്റെ പത്തിരട്ടിയാണ്‌ ഇത്‌. 34 സംസ്ഥാനത്തെയും തലസ്ഥാനമായ ഡിസിയിലെയും കണക്കനുസരിച്ചാണ്‌ ഇത്‌.

ഇതിനിടെ, പ്രചാരണത്തിനുവേണ്ടി ട്രംപ്‌ അനുകൂലികൾ ഉണ്ടാക്കിയ 276 വ്യാജ അക്കൗണ്ട്‌ ഫെയ്‌സ്‌ബുക്ക്‌ നീക്കം ചെയ്‌തു. ഈ അക്കൗണ്ടുകൾക്കു പിന്നിൽ പ്രവർത്തിച്ച അരിസോണ കേന്ദ്രമായ സ്ഥാപനത്തിന്‌ ശാശ്വത നിരോധനമേർപ്പെടുത്തി.
വ്യാജപ്രചാരണത്തിന്‌ റിപ്പബ്ലിക്കന്മാർ യുവാക്കളെ പണം നൽകി നിയോഗിച്ചിട്ടുണ്ടെന്ന്‌ വാഷിങ്‌ടൺ പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്‌തതിനെ തുടർന്നാണ്‌ നടപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top