22 October Tuesday

മുൻ വൈസ്‌ പ്രസിഡന്റിന്റെ മകനെതിരെ അന്വേഷണത്തിന്‌ വിദേശസഹായം; ട്രംപ്‌ കുരുക്കിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

വാഷിങ്‌ടൺ >   മുൻ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ മകനെതിരെ അന്വേഷണത്തിന്‌ വിദേശ രാഷ്ട്രത്തലവനോട്‌ ആവശ്യപ്പെട്ടത്‌ പരസ്യമായതോടെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ കുരുക്കിൽ. അടുത്തവർഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ബൈഡൻ തന്റെ പ്രതിയോഗിയാകാൻ സാധ്യതയുള്ളപ്പോഴാണ്‌ അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലെ നേട്ടത്തിന്‌  ട്രംപ്‌ വിദേശസഹായം തേടിയത്‌.

 ഉക്രയ്‌നിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൊളോദിമിർ സെലെൻസ്‌കിയെ ഫോണിൽ വിളിച്ച്‌ ട്രംപ്‌ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതാണ്‌ വിവാദമായത്‌. ഉക്രയ്‌നിലെ വാതക കമ്പനിയായ ബുറിസ്‌മ ഹോൾഡിങ്‌സിൽ ഡയറക്ടറാണ്‌ ഹണ്ടർ. 2016ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണത്തിൽ യുഎസ്‌ ജനപ്രതിനിധി സഭയുടെ അന്വേഷണത്തിൽ കഷ്ടിച്ച്‌ രക്ഷപ്പെട്ടതിന്‌ തൊട്ടടുത്ത ദിവസമാണ്‌ ട്രംപ്‌ തനിക്കുവേണ്ടി വിദേശ ഇടപെടൽ ആവശ്യപ്പെട്ടത്‌.

 യുഎസ്‌ രഹസ്യാന്വേഷണ വിഭാഗത്തിൽനിന്ന്‌ രഹസ്യാന്വേഷണവിഭാഗം ഐജി മൈക്കേൽ ആറ്റ്‌കിൻസണ്‌ ലഭിച്ച അജ്ഞാത സന്ദേശത്തിലൂടെയാണ്‌ ട്രംപിന്റെ ഫോൺവിളി പുറത്തായത്‌. വിവരം വിശ്വസനീയമെന്ന്‌ മനസ്സിലാക്കിയ ആറ്റ്‌കിൻസൺ അത്‌ ദേശീയ രഹസ്യാന്വേഷണവിഭാഗം ആക്ടിങ് ഡയറക്ടർ  ജോസഫ്‌ മക്‌ഗയറിന്‌ കൈമാറി. യുഎസ്‌ കോൺഗ്രസിൽ ഡെമോക്രാറ്റുകൾ നിയന്ത്രിക്കുന്ന മൂന്ന്‌ സമിതികൾ ഫോൺ സംഭാഷണത്തിന്റെ ലിഖിതരൂപം ആവശ്യപ്പെട്ടിട്ടും ട്രംപ്‌ നിയമിച്ച മക്‌ഗയർ അത്‌ നൽകിയിട്ടില്ല. അടുത്തവർഷം തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്‌ ഈ അധികാരദുർവിനിയോഗം.
 


പ്രധാന വാർത്തകൾ
 Top