16 October Saturday

ആദ്യ വനിതാ പ്രസിഡന്റ്‌ ആകാൻ കമലയ്‌ക്ക്‌ മോഹമെന്ന്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 4, 2020


വാഷിങ്‌ടൺ
അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ തലേന്ന്‌  അവസാന പ്രചാരണ യോഗങ്ങളിലും പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡനെയും അദ്ദേഹത്തിന്റെ മത്സരപങ്കാളി കമല ഹാരിസിനെയും അധിക്ഷേപിച്ചു. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാനാണ്‌ കമല ഹാരിസിന്റെ മോഹം എന്ന്‌ ട്രംപ്‌ പറഞ്ഞു. ഉറക്കംതൂങ്ങി ബൈഡന്‌ വോട്ട്‌ ചെയ്യാതിരിക്കാൻ അത്‌ നല്ലൊരു കാരണമാണെന്നും ട്രംപ്‌ പറഞ്ഞു.

ആരെങ്കിലും കമലയെ അറിയുമോ എന്ന്‌ ചോദിച്ച ട്രംപ്‌ ഇന്ത്യൻ വംശജരുടെ യോഗങ്ങളിൽ അവരുടെ പേര്‌ തെറ്റായി ഉച്ചരിച്ചും പരിഹസിച്ചു. കമല എന്ന പേര്‌ കോമ പോലെയാണെന്നും പേര്‌ ശരിയായി ഉച്ചരിക്കണം എന്നാണ്‌ അവരുടെ ആവശ്യം എന്നും ട്രംപ്‌ പറഞ്ഞു. കമല ഹാരിസ്‌ തീവ്ര ഇടതുപക്ഷക്കാരിയാണെന്നാണ്‌ ട്രംപിന്റെ മറ്റൊരു വാദം.  ബൈഡൻ വിജയിച്ചാൽ ഒരുമാസത്തിനകം കമല പ്രസിഡന്റാകും എന്ന്‌ പല യോഗങ്ങളിലും ട്രംപ്‌ നേരത്തേ മുതൽ പറയുന്നുണ്ട്‌.

അതേസമയം, ഫിലാഡെൽഫിയയിൽ ഒരു വാഹനറാലിയിൽ സംസാരിച്ച കമല ഹാരിസ്‌ ട്രംപിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ നയിക്കുന്നതിൽ പരാജയപ്പെട്ട ട്രംപിനെ ഇനി നാലുകൊല്ലംകൂടി സഹിക്കാൻ അമേരിക്കക്കാർക്ക്‌ കഴിയില്ലെന്ന്‌ അവർ പറഞ്ഞു.

നമ്മുടെ ആരോഗ്യവും സമ്പദ്‌വ്യവസ്ഥയും കുട്ടികളുടെ ഭാവിയും സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സ്‌ത്രീയുടെ അവകാശവും എല്ലാം തെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. കഴിഞ്ഞ 84 ദിവസം രാജ്യത്ത്‌ അങ്ങോളമിങ്ങോളം പ്രചാരണയാത്ര നടത്തിയതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, ചില കാര്യങ്ങൾ സംഭവിക്കാൻ പോകുകയാണെന്ന്‌ മനസ്സിലായെന്ന്‌ കമല ഹാരിസ്‌ പറഞ്ഞു. ബൈഡനെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കാൻ പോകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top