21 February Thursday

കൊറിയകളുടെ വിജയം; ചൈനയുടേതും

വിജേഷ്‌ ചൂടൽUpdated: Wednesday Jun 13, 2018

കി ജോങ് അന്‍ ഷി ജിന്‍ പിങ്ങിനൊപ്പം

ലോകം ഇത്രമേൽ കണ്ണുനട്ടിരുന്നൊരു കൂടിക്കാഴ്ച സമീപകാല ചരിത്രത്തിൽ ഉണ്ടായിട്ടില്ല. വാക്കുകൾ പ്രവർത്തിപഥത്തിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് സന്ദേഹമുയരുമ്പോഴും സിംഗപ്പുരിലെ സെന്റോസ ദ്വീപിൽ അമേരിക്കൻ പ്രസിഡന്റിന്റെയും ഉത്തരകൊറിയൻ ഭരണാധികാരിയുടെയും പ്രഥമ കൂടിക്കാഴ്ച ഇന്നിന്റെ പ്രതീക്ഷ കാത്ത് ചരിത്രത്തിന്റെ ഭാഗമായി. കരാറിലെ ഉടമ്പടികൾ പ്രാവർത്തികമാക്കാൻ ഇരുരാജ്യങ്ങളും പുലർത്തുന്ന ജാഗ്രതയും പ്രതിബദ്ധതയുമാകും ഇനി സമാധാനപ്രക്രിയയുടെ ഭാവി നിർണയിക്കുക.
ഉച്ചകോടിയിൽ ഒപ്പുവച്ച രേഖകളുടെ വിശദാംശങ്ങൾ പൂർണമായും പുറത്തുവന്നിട്ടില്ല. നേട്ടകോട്ടങ്ങളുടെ കണക്കെടുപ്പ് രാഷ്ട്രീയനിരീക്ഷകർ വിശകലനം തുടങ്ങുന്നതേയുള്ളൂ. എങ്കിലും അമേരിക്കയ‌്ക്ക് ഏകപക്ഷീയമായ അവകാശവാദങ്ങൾക്കും മേനിനടിക്കലിനുമൊന്നും ഇടനൽകുന്നതല്ല സെന്റോസയിൽനിന്നുള്ള വാർത്തയെന്നത് ലോകത്തിന് ആശ്വാസകരമാണ്. കൂടുതൽ വീറോടെ സാമ്രാജ്യത്വ അധിനിവേശം തുടരാൻ ആക്രമണോത്സുകതയോടെ ഇറങ്ങിപ്പുറപ്പെട്ട ഡോണൾഡ് ട്രംപിനെ വൈറ്റ്ഹൗസിൽനിന്ന് സിംഗപ്പുരിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ഉത്തരകൊറിയയുടെ വിജയമായി വ്യാഖ്യാനിക്കുന്നതിലും തെറ്റില്ല. ഒരുഘട്ടത്തിലും ഒരുവാക്കുകൊണ്ടുപോലും അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് കീഴടങ്ങാതെയാണ് ട്രംപിനെ ചർച്ചയുടെ വഴിയിലേക്ക് ഉത്തരകൊറിയ കൊണ്ടുവന്നത്.
ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് അൻ എന്ന മുപ്പത്തിനാലുകാരന്റെ വിജയം കൂടിയാണ് ട്രംപുമായുള്ള ഉച്ചകോടി. ലോകത്തിന് ഭീഷണിയായ ഭ്രാന്തനെന്നും പക്വതയില്ലാത്തവനെന്നുമാണ് കിമ്മിനെ ട്രംപ് അധിക്ഷേപിച്ചിരുന്നത്. അതേ ട്രംപിന് സിംഗപ്പുരിലെത്തി കിമ്മിന് കൈകൊടുക്കേണ്ടിവന്നു. രാജ്യസ്നേഹിയായ പ്രതിഭാശാലിയെന്ന് വിശേഷിപ്പിക്കേണ്ടിവന്നു. കിമ്മിന് എല്ലാം കുട്ടിക്കളിയാണെന്ന് വിശേഷിപ്പിച്ച ചില പാശ്ചാത്യമാധ്യമങ്ങൾക്കും തലകുനിക്കേണ്ടിവന്നു. അമേരിക്കയുടെ സിറ്റിങ് പ്രസിഡന്റുമായി നേർക്കുനേർ സംസാരിക്കുന്ന ആദ്യ ഉത്തരകൊറിയൻ ഭരണാധികാരിയായത് അതേ കിമ്മാണ്.

ഉത്തരകൊറിയക്കൊപ്പം ദക്ഷിണകൊറിയയുടെയും ചൈനയുടെയും കൂടി വിജയമാണ് സിംഗപ്പുരിലെ ഉച്ചകോടി. വ്യക്തമായ നിലപാടോടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയാണ് കിം ജോങ് അൻ ട്രംപുമായുള്ള ഉച്ചകോടിക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. ബീജിങ്ങിലെത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയ കിമ്മിന്റെ ഓരോ ചുവടും ചൈനയെ വിശ്വാസത്തിലെടുത്തും ഉപദേശം സ്വീകരിച്ചുമായിരുന്നു. അതേസമയം, അമേരിക്ക എക്കാലവും സ്വന്തം സഖ്യത്തിൽ നിർത്തി സാമ്പത്തിക‐സൈനിക താൽപ്പര്യങ്ങൾ സംരക്ഷിച്ചിരുന്ന ദക്ഷിണകൊറിയയെ ആ വലയത്തിൽനിന്ന് ഒരു പരിധിവരെയെങ്കിലും മോചിപ്പിക്കാനും ഉത്തരകൊറിയയുടെ നീക്കത്തിനായി. ഉത്തരകൊറിയയോട‌് ശത്രുതാമനോഭാവമില്ലാത്ത സമാധാനകാംക്ഷി മൂൺ ജെ ഇൻ ദക്ഷിണകൊറിയയുടെ പ്രസിഡന്റായ സാഹചര്യം ഇതിന് അനുകൂലമായി. പരസ്പരം പ്രകോപനവും വാഗ്വാദവും തുടർന്നിരുന്ന കൊറിയകൾ സമാധാനപാതയിലേക്ക് നീങ്ങിയത് അതിവേഗമാണ്. സോളിലെ ശീതകാല ഒളിമ്പിക്സിൽ ഒറ്റപ്പതാകയ്ക്കുകീഴിൽ അണിനിരന്ന കൊറിയകൾ ആ ബന്ധം സുദൃഢമാക്കി. ഇരു രാഷ്ട്രത്തലവന്മാരുടെയും ഉച്ചകോടി അതിർത്തികളെ മായ്ചുകളഞ്ഞു. കൊറിയകളുടെ ഈ ഐക്യമാണ് ഏറ്റവും വെറുക്കപ്പെട്ട രാജ്യമെന്ന് പുച്ഛിച്ചുതള്ളിയ ഉത്തരകൊറിയയുമായി ഉച്ചകോടിക്ക് അമേരിക്കയെ നിർബന്ധിതമാക്കിയ പ്രധാന ഘടകം. ദക്ഷിണകൊറിയയുമായുള്ള ഉച്ചകോടിയിൽ ആണവനിരായുധീകരണത്തിന് പ്രകടിപ്പിച്ച സന്നദ്ധത കിമ്മിനെ ലോകത്തിന് സ്വീകാര്യനാക്കി. ആണവപരീക്ഷണശാല അന്താരാഷ്ട്ര നിരീക്ഷകരെയും മാധ്യമപ്രവർത്തകരെയും സാക്ഷിയാക്കി നശിപ്പിക്കാനും അദ്ദേഹം തയ്യാറായി. ഈ ഘട്ടത്തിൽ ഉച്ചകോടിയിൽനിന്ന് പിന്മാറുക അമേരിക്കയ‌്ക്ക് അസാധ്യമായി.

പന്ത്രണ്ടിന് സിംഗപ്പുരിൽ ഉച്ചകോടി നിശ്ചയിച്ചശേഷം ഏറ്റവും മാന്യവും സത്യസന്ധവുമായ നടപടികളുമായാണ് ഉത്തരകൊറിയ മുന്നോട്ടുപോയത്. തടവിലായിരുന്ന അമേരിക്കൻ പൗരന്മാരെ വിട്ടയക്കുന്നത് ഉൾപ്പെടെയുള്ള ശുഭസൂചക നടപടികൾ യുഎസ് വിദേശ സെക്രട്ടറി മൈക് പോംപിയോയുടെ സന്ദർശനത്തിനിടെ അവർ കൈക്കൊണ്ടു. എന്നാൽ, ഇതേ പോംപിയോ നടത്തിയ പ്രകോപനകരമായ പ്രസ്താവനകൾക്ക് തക്ക മറുപടിയും ഉത്തരകൊറിയ നൽകി. അർഹിക്കുന്ന മാന്യതയും തുല്യപരിഗണനയും കിട്ടിയില്ലെങ്കിൽ ഉച്ചകോടിയുടെ കാര്യം പുനരാലോചിക്കേണ്ടിവരുമെന്ന് കിം വ്യക്തമാക്കി. ഇതിനു പിന്നാലെ ട്രംപ് ഉച്ചകോടി ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനം വന്നു. എന്നാൽ, നിലപാടിൽ ഉറച്ചുനിന്ന ഉത്തരകൊറിയുടെ നിശ്ചയദാർഢ്യം അമേരിക്കയെയും ഒടുവിൽ സമാധാനചർച്ചയുടെ വഴിയിലേക്കെത്തിച്ചു. ഈ സംഭവ വികാസങ്ങളിലെല്ലാം ചൈനയുടെ നയതന്ത്രചാതുരി ഒളിഞ്ഞിരുപ്പുണ്ട്. മേഖലയിൽ അമേരിക്കയുടെ ഇടപെടൽ കുറയ്ക്കുകയെന്ന ലക്ഷ്യമാണ് ചൈന  കൈവരിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top