16 January Saturday

ഫൗച്ചി‌ക്ക്‌ തന്നെക്കാൾ ജനപിന്തുണ ലഭിക്കുന്നു, തന്നെ ആർക്കും ഇഷ്‌ടമല്ലെന്ന്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


വാഷിങ്‌ടൺ
അമേരിക്കയുടെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കുന്ന ഡോ. ആന്തണി ഫൗച്ചിയെ അവഹേളിക്കാൻ ഒരവസരവും പാഴാക്കാത്ത പ്രസിഡന്റ്‌ ട്രംപ്‌ ചൊവ്വാഴ്‌ച വൈറ്റ്‌ഹൗസിലെ വാർത്താസമ്മേളനത്തിൽ ഒരു സത്യം പറഞ്ഞു. വൈറ്റ്‌ഹൗസ്‌ കോവിഡ്‌ കർമസേനയിലെ അംഗമായ ഫൗച്ചി‌ക്ക്‌ തന്നെക്കാൾ ജനപിന്തുണ ലഭിക്കുന്നു. തന്നെ ആരും സ്‌നേഹിക്കുന്നില്ല.

ഫൗച്ചി തന്റെ കീഴിൽ സർക്കാരിന്‌ വേണ്ടി പ്രവർത്തിക്കുന്നയാളാവുമ്പോൾ ഇത്‌ ശരിയല്ല എന്നാണ്‌ ട്രംപിന്റെ നിലപാട്‌. ഫൗച്ചി ഈ സർക്കാരിന്‌ വേണ്ടിയാണ്‌ പ്രവർത്തിക്കുന്നത്‌ എന്നു‌ ട്രംപ്‌ ഓർമിപ്പിച്ചു. പിന്നെന്താണ്‌ തനിക്ക്‌ ആ പിന്തുണ ലഭിക്കാത്തത്‌. തങ്ങൾക്ക്‌ ഫൗച്ചി‌ക്ക്‌ പകരം വേറെ ആരെയെങ്കിലും നിയമിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു‌ മാസം കഴിഞ്ഞ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ അമേരിക്കയിൽ കോവിഡ്‌ മരണം ഒന്നരലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ്‌ ഫൗച്ചിയുടെ ജനപ്രീതി തനിക്ക്‌ വിനയാകും എന്ന്‌ ട്രംപ്‌ ഭയക്കുന്നത്‌.

കോവിഡ്‌ പ്രതിരോധത്തിന്‌ ഫൗച്ചി നിർദേശിച്ച ശാസ്‌ത്രീയ നിർദേശങ്ങൾ നിരന്തരം അവഗണിക്കുന്ന ട്രംപ്‌ തിങ്കളാഴ്‌ചയും ഫൗച്ചിക്കെതിരെ തന്നെ അനുകൂലിക്കുന്നവരുടെ പോസ്‌റ്റ്‌ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. കോവിഡിനെ ചെറുക്കാൻ ഫലപ്രദമല്ലെന്ന്‌ ഫൗച്ചിയും അമേരിക്കൻ ഭക്ഷ്യ–-ഔഷധ വകുപ്പും ആവർത്തിച്ചുപറയുന്ന മലമ്പനി മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഫലപ്രദമാണെന്ന്‌ ചൊവ്വാഴ്‌ചയും ട്രംപ്‌ അവകാശപ്പെട്ടു. ഫൗച്ചിയാണ്‌ കൊറോണ വൈറസിന്റെ സൃഷ്‌ടാവ്‌ എന്നുവരെ ട്രംപ്‌ അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്‌. ഫൗച്ചി മലമ്പനി മരുന്നിനെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുകയാണെന്ന്‌ പറയുന്ന വീഡിയോയും  ട്രംപ്‌ പ്രചരിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top