23 February Saturday

ദോഫറില്‍ വന്‍ നാശം വിതച്ച് മെകുനു; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നു മരണം, മലയാളികള്‍ സുരക്ഷിതര്‍

അനസ് യാസിന്‍Updated: Saturday May 26, 2018

മനാമ > ഒമാന്റെ തെക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ബാലിക ഉള്‍പ്പെടെ രണ്ടു സ്വദേശികളും ഒരു ഇന്ത്യന്‍ തൊഴിലാളിയുമാണ് മരിച്ചത്. മണ്ണിടിഞ്ഞും മതിലിടിഞ്ഞും നിരവധി പേര്‍ക്ക് പരിക്കേറ്റു. ദോഫര്‍ ഗവര്‍ണറേറ്റിലും അയല്‍ പ്രദേശവും യെമന്‍ പ്രവിശ്യയുമായ അല്‍ മഹ്റയിലും കനത്ത നാശമാണ് മെകുനു സൃഷ്ടിച്ചത്.

കനത്ത മഴയും കാറ്റും ശനിയാഴ്ച പകലും തുടര്‍ന്നു. ജീവകാരുണ്യ സഹായവുമായി ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് ദീപകും ഐഎന്‍എസ് കൊച്ചിയും സലാലയിലേക്കു തിരിച്ചു. പേമാരിയുടെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമാണ് മെകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊട്ടത്. വേഗം കുറഞ്ഞ് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള കാറ്റായി ദോഫാര്‍ ഗവര്‍ണറേറ്റിന്റെ റായ്സൂത്ത്, റഖിയൂത്ത് മേഖലയിലാണ് കാറ്റ് പ്രവേശിച്ചത്.126-146 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയ ചുഴലിക്കാറ്റ് ദോഫര്‍ മേഖലയില്‍ കനത്ത നാശവും ഭീതിയും വിതച്ചു. മഴ വെള്ളപൊക്കത്തിന് കാരണമായി. റോഡുകള്‍ ചളിയും വെള്ളവും കയറി തകര്‍ന്നു. വൈദ്യതി, ട്രാഫിക് സിഗ്‌നല്‍ പോസ്റ്റുകള്‍ തകര്‍ന്നു. മരങ്ങള്‍ വ്യാപകമായി കടപുഴകി വീണു.

രാജ്യത്തിന്റെ രണ്ടാമത്തെ വലിയ പട്ടണവും ദോഫര്‍ ഗവര്‍ണറേറ്റിന്റെ തലസ്ഥാനവുമായ സലാലയില്‍ കാറ്റ് വന്‍ നാശം വിതച്ചു. അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെവരെ ശക്തമായ കാറ്റ് തുടര്‍ന്നു. കാര്‍ഷിക മേഖലയായ സലാലയില്‍ വ്യാപകമായി കൃഷി നശിച്ചു. ഐന്‍ സഹല്‍ നൂത്തില്‍ വീടിന്റെ മതില്‍ ഇടിഞ്ഞാണ് 12 വയസുകാരി മരിച്ചത്. 3 പേര്‍ക്ക്‌ പരിക്കേറ്റു. ഔകാദില്‍ വാഹനം ഒഴുക്കില്‍പെട്ടാണ് സ്വദേശി മരിച്ചത്.

സലാലയില്‍ വെള്ളക്കെട്ടില്‍ മുങ്ങിയാണ് ഇന്ത്യക്കാരന്റെ മരണം. റോഡിലേക്കു വീണ മരങ്ങള്‍ മുറിച്ചു മാറ്റാനും തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാനും നടപടി തുടങ്ങി. അപകടത്തില്‍പെട്ട മൂന്ന പേരെ രക്ഷപ്പെടുത്തി. ഇവര്‍ സുഖം പ്രാപിച്ചു വരുന്നു. സലാല തുറമുഖത്ത് മത്സ്യ ബന്ധന ബോട്ടിലുണ്ടായിരുന്ന 260 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിര്‍ബാത്ത് വ്യവസായ മേഖലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന  16 വിദേശികളെ രക്ഷപ്പെടുത്തിയതായും പൊലിസ് അറിയിച്ചു.

വെള്ളിയാഴ്ച തുടങ്ങിയ മഴയില്‍ സലാലയുടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ പതിനായിരത്തോളം പേരെ ഇവിടെ നിന്നും മാറ്റിപാര്‍പ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 278.2 മില്ലിമീറ്റര്‍ മഴയാണ് ദോഹഫറില്‍ രേഖപ്പെടുത്തിയത്. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ചിലയിടങ്ങളില്‍ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ വരെ വെള്ളം പൊങ്ങി. കെട്ടിടത്തിന്റെ താഴെ നിലകളില്‍ ഉള്ളവര്‍ പൊലീസ്‌ അറിയിപ്പിനെ തുടര്‍ന്ന്‌ നേരത്തെ തന്നെ മുകള്‍ നിലകളിലേക്ക് മാറിയിരുന്നു.

 ചില തെരുവുകളില്‍ ഒരു മീറ്ററിലേറെ ഉയരത്തില്‍ വെള്ളം പൊങ്ങി. വെള്ളപ്പാച്ചിലില്‍ വാഹനങ്ങളും പൂന്തോട്ടങ്ങളും കടയിലെ സാധനങ്ങളും നശിച്ചു. നേരത്തെ തന്നെ മുന്‍ കരുതല്‍ എടുത്തിരുന്നതിനാല്‍ ചുഴലിക്കാറ്റിന്റെ ആഘാതം ഒമാന് കുറയ്ക്കാനായി. അടുത്ത 24 മണിക്കൂറും കരുതലോടെയിരിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് അവധി നല്‍കി.ശനിയാഴ്ച രാവിലയോടെ മെകുനു ഉഷ്ണ മേഖലാ ചുഴലിക്കാറ്റായി ശക്തി കുറഞ്ഞതായി ഒമാന്‍ ഡയരക്ടറേറ്റ് ഒഫ് മീറ്റിയോറോളജി അറിയിച്ചു. 65 മുതല്‍ 93 കിലോമീറ്ററാണ് മണിക്കൂറില്‍ കാറ്റിന്റെ വേഗം. അടുത്ത രണ്ടു ദിവസവും ദോഫര്‍ മേഖലയില്‍ മഴ തുടരും. ദോഫര്‍ മേഖലയില്‍ മലയാളികള്‍ സുരക്ഷിതമണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ്‌ ഭീതി വിതച്ച സലാല, സദാ, തുംറൈത്ത്, മിര്‍ബാത്ത് പ്രദേശങ്ങളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലുമായി 80000ത്തോളം മലയാളികള്‍ ഉണ്ട്.

അതിനിടെ, മെകുനു ചുഴലിക്കാറ്റ് തകര്‍ത്ത യെമന്‍ ദ്വീപായ സൊകോട്രയില്‍ നിന്നും കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കൊടുംകാറ്റില്‍പെട്ട കപ്പലില്‍ നിന്നും നാലു ഇന്ത്യന്‍ നാവികരെയും രണ്ടു യെമന്‍കാരെയും രക്ഷപ്പെടുത്തിയതായി യെമന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും 30 പേരെ കണ്ടെത്താനുണ്ട്. 

പ്രധാന വാർത്തകൾ
 Top