18 July Thursday

മേ പാർടി നേതൃത്വം ഒഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

ലണ്ടൻ
കൺസർവേറ്റീവ‌് പാർടിയുടെ നേതൃസ്ഥാനത്തുനിന്ന‌് ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേ രാജിവച്ചു. പാർടി പുതിയ നേതാവിനെ കണ്ടെത്തുംവരെ മേ പ്രധാനമന്ത്രി സ്ഥാനത്ത‌് തുടരും. എന്നാൽ, ബ്രെക‌്സിറ്റ‌് നടപടികൾ മേയുടെ നേതൃത്വത്തിൽ തുടരില്ല. പ്രധാനമന്ത്രിസ്ഥാനത്തുനിന്നുള്ള രാജി ജൂലൈ അവസാനവാരം ഉണ്ടാകാനാണ‌് സാധ്യത.

ഒക്ടോബർ 31 ആണ‌് ബ്രെക‌്സിറ്റിനായി നിശ്ചയിച്ച തീയതി. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത‌ിൽ 2016ൽ നടന്ന ഹിതപരിശോധനയെത്തുടർന്നാണ‌്  മേ പ്രധാനമന്ത്രിയായത‌്. യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള (ബ്രെക‌്സിറ്റ‌്) കരാറുണ്ടാക്കാൻ മൂന്നുവർഷങ്ങളിൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയും രണ്ടുതവണ ബ്രെക‌്സിറ്റ‌് തീയതി നീട്ടിവയ‌്ക്കുകയും ചെയ‌്തതിനെത്തുടർന്നാണ‌് അവർ രാജി പ്രഖ്യാപിച്ചത‌്‌.

പകരം ചുമതലയേറ്റെടുക്കാൻ മുൻ വിദേശമന്ത്രി ബോറിസ‌് ജോൺസണടക്കം 11 കൺസർവേറ്റീവ‌് എംപിമാർ മത്സരത്തിലുണ്ട‌്.വിജയിക്കുന്നയാൾക്ക‌് മേയുടെ കരാറിലെ പോരായ‌്മകൾ പരിഹരിച്ച‌്  മുന്നോട്ടുപോകണോ, ബ്രെക‌്സിറ്റ‌് വീണ്ടും മാറ്റിവയ‌്ക്കണോ കരാറില്ലാതെ ഇയുവിൽനിന്ന‌് പുറത്തുപോകണോ എന്നകാര്യത്തിൽ നിർണായക തീരുമാനത്തിലെത്താൻ മാസങ്ങൾമാത്രമേ ലഭിക്കൂ.

കഴിഞ്ഞ യൂറോപ്യൻ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ വിജയംകൊയ‌്ത ബ്രെക‌്സിറ്റ‌് പാർടി കരാറില്ലാത്ത (നോ ഡീൽ) ബ്രെക‌്സിറ്റ‌ിനായി സമ്മർദം തുടരുകയാണ‌്. ബ്രിട്ടൻ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും കരാറില്ലാത്ത ബ്രെക‌്സിറ്റ‌് നിർദേശിച്ചിരുന്നു.
 


പ്രധാന വാർത്തകൾ
 Top