27 May Wednesday

യുദ്ധം പിരിച്ച സഹോദരിമാർ കണ്ടുമുട്ടി; 78 വർഷത്തെ കാത്തിരിപ്പിനൊടുവിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

മോസ്‌കോ > ‘ഞാനവളെ ഒരുപാട്‌ തിരഞ്ഞിട്ടുണ്ട്‌, കണ്ടുമുട്ടുന്നതുവരെ തിരയുകയായിരുന്നു’ അനിയത്തി യൂലിയയുടെ നെറ്റിയിൽ ചുംബിച്ച്‌ റോസലിന പറഞ്ഞു. രണ്ടാം ലോക യുദ്ധത്തിൽ, നാസി ക്രൂരതകളിൽ നിന്ന്‌ രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിൽ വേർപിരിഞ്ഞ സഹോദരിമാർ 78 വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയപ്പോൾ അവിസ്‌മരണീയമായി ആ പുനഃസമാഗമം. ഇപ്പോൾ റോസലിനയ്ക്ക്‌  94ഉം യൂലിയയ്ക്ക്‌  92ഉം വയസ്.  റഷ്യൻ പൊലീസിന്റെ സഹായത്തോടെ, കുടുംബാംഗങ്ങളെ സാക്ഷിയാക്കിയായിരുന്നു ഇവരുടെ കൂടിച്ചേരൽ.

മാതാപിതാക്കളുടെയൊപ്പം സ്റ്റാലിൻഗ്രാഡിലാണ്‌(ഇപ്പോൾ വോൾഗോഗ്രാഡ്‌) ഇവർ താമസിച്ചിരുന്നത്‌. 1942ൽ ഹിറ്റ്‌ലറുടെ നാസിപ്പട്ടാളം പട്ടണം വളയുന്നതിനുമുമ്പ്‌  ജനങ്ങളെ രക്ഷിക്കാൻ അധികൃതർ ആളുകളെ ഒഴിപ്പിച്ചപ്പോഴാണ്‌ രണ്ടിടത്തായത്‌. അന്ന്‌ 14 വയസുണ്ടായിരുന്ന യൂലിയയേ അമ്മയ്‌ക്കൊപ്പം സ്റ്റാലിൻഗ്രാഡിൽനിന്ന്‌ 500 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്കാണ്‌   മാറ്റിയത്‌. 16 വയസുണ്ടായിരുന്ന റോസലിന ജോലിസ്ഥലത്തായിരുന്നു. യൂലിയയേയും സഹപ്രവർത്തകരെയും 1400 കിലോമീറ്റർ അകലെ വടക്കുകിഴക്കുള്ള യുറാൾസിലെ ചെല്യബിൻസ്‌ക്കിലേക്കാണ്‌ മാറ്റിയത്‌.  

യൂലിയയുടെ മകൾ പൊലീസിന്‌ നൽകിയ അപേക്ഷയാണ്‌ ഇവരുടെ കൂടിച്ചേരലിന്‌ വഴിയൊരുക്കിയത്‌. കാണാതായ ബന്ധുക്കൾക്കായി ഒരു ടെലിവിഷൻ ചാനൽ ഒരിക്കൽ നടത്തിയ റിയാലിറ്റി ഷോയിൽ റോസലീന സഹോദരിയെക്കുറിച്ച്‌ പറഞ്ഞിരുന്നു. യൂലിയയുടെ മകളുടെ അപേക്ഷ ലഭിച്ചതിനെത്തുടർന്ന്‌ റഷ്യൻ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ റോസലീനയുടെ റിയാലിറ്റി ഷോ ശ്രദ്ധയിൽപെട്ടു. പിന്നെ കൂടിച്ചേരലിന്‌ അധികം താമസമുണ്ടായില്ല. വരുന്ന മെയ്‌ ഒമ്പതിന്‌, സോവിയറ്റ്‌ യൂണിയൻ രണ്ടാം ലോക യുദ്ധത്തിൽ ഹിറ്റ്‌ലറുടെ നാസിപ്പട്ടാളത്തിനുമേൽ നേടിയ വിജയത്തിന്റെ 75 -ാം വാർഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ്‌ റഷ്യ.

യുദ്ധത്തിൽ 2.7 കോടി സോവിയറ്റ്‌  പൗരർ മരിച്ചെന്നാണ്‌ ഔദ്യോഗിക കണക്ക്‌. സ്റ്റാലിൻഗ്രാഡിൽ നാസി പട്ടാളത്തെ പരാജയപ്പെടുത്തിയത്‌ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിജയമായി. പരാജയം ഉറപ്പായപ്പോൾ, 1945 ഏപ്രിൽ 30ന്‌ ഹിറ്റ്‌ലർ കാമുകി ഈവ ബ്രൗണിനൊപ്പം ജീവനൊടുക്കി.
 


പ്രധാന വാർത്തകൾ
 Top