19 September Saturday

തീവ്രവാദവും സംഘടിത കുറ്റകൃത്യങ്ങളും യോജിച്ചു ചെറുക്കണം; അന്താരാഷ്ട്ര സമൂഹത്തോട് യുഎഇ

കെ എല്‍ ഗോപിUpdated: Monday Aug 10, 2020

അബുദാബി> നിയമങ്ങള്‍ കര്‍ശനമാക്കിയും,  യു എന്‍ പ്രമേയങ്ങള്‍ നടപ്പിലാക്കിയും തീവ്രവാദവും സംഘടിത കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെ ചെറുക്കണമെന്ന് യു എ ഇ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യു എ ഇ ശക്തമായ നിലപാടുകളുമായാണ് മുന്നോട്ടുപോകുന്നത്. തീവ്രവാദവും അന്തര്‍ദേശീയ സംഘടിത കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുഎന്‍ കൗണ്‍സിലിന് രേഖാമൂലം നല്‍കിയ പ്രസ്താവനയില്‍ യുഎഇ ഇപ്രകാരം വ്യക്തമാക്കി; ' 2019 ലെ 2482 ആം സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ പറഞ്ഞതനുസരിച്ച് തീവ്രവാദത്തെ സഹായിക്കുന്ന സംഘടിത കുറ്റകൃത്യങ്ങള്‍,  ധനസഹായ സ്രോതസ്സുകള്‍ ഇവ ഇല്ലാതാക്കാതെ ഭീകരതക്കെതിരെയുള്ള ശ്രമങ്ങള്‍ വിജയിക്കാനാവില്ലെന്ന് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു.' 

മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംഘടിത കുറ്റകൃത്യങ്ങളും ഭീകരതയും തമ്മിലുള്ള ബന്ധം വര്‍ദ്ധിച്ചുവരുന്നതിലും യുഎഇ ആശങ്ക പ്രകടിപ്പിച്ചു.  തീവ്രവാദ ധനസഹായത്തെ ചെറുക്കാനും, പണമിടപാട് ഇല്ലാതാക്കാനും ഭീകരവാദ സംവിധാനങ്ങളുടെ കൗണ്ടര്‍ ഫിനാന്‍സിംഗ് ശക്തിപ്പെടുത്താനുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം യു എ ഇ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങള്‍ തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന സാഹചര്യം ഉണ്ടാമ്പോള്‍ യുഎന്‍ സംവിധാനത്തിന് അതില്‍ ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും യു എ ഇ വ്യക്തമാക്കി.

യുഎഇയുടെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റുകള്‍ക്ക് സംശയാസ്പദമായ ഇടപാടുകള്‍ വിശകലനം ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും പരിശീലനം നല്‍കുകയും ആവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനൊപ്പം  ദേശീയ, പ്രാദേശിക തലങ്ങളില്‍ പണമിടപാട് വിരുദ്ധ പരിശീലനം സെന്‍ട്രല്‍ ബാങ്ക് നല്‍കിവരികയും ചെയ്യുന്നു.

മയക്കുമരുന്ന്, കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യുഎന്‍ ഓഫീസുമായി സഹകരിച്ചുകൊണ്ട് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരായ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന 'GoAML പ്രോഗ്രാമും' യുഎഇ ആരംഭിച്ചു.

തീവ്രവാദ ഗ്രൂപ്പുകള്‍ സാംസ്‌കാരിക സ്വത്തുക്കള്‍ നശിപ്പിക്കുന്നതും നിയമവിരുദ്ധമായി കടത്തുന്നതും തടയുന്നതിനായി ആഗോളതലത്തില്‍ ഫ്രാന്‍സും യുനെസ്‌കോയുമായി സഹകരിച്ച് സംഘര്‍ഷ പ്രദേശങ്ങളില്‍ പൈതൃക സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സഖ്യം സ്ഥാപിക്കാനും യു എ ഇ സഹകരിച്ചുവരുന്നുണ്ട്.





 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top