10 August Monday

കോവിഡ്‌: ഈ കാര്യങ്ങൾ ശ്രദ്ധിക്കാം ; നിർദേശങ്ങൾ പങ്കുവച്ച്‌ ലോകാരോഗ്യസംഘടനയുടെ തലവൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


കോവിഡ്‌–-19 വിതച്ച ഭീതിയിൽ ലോകരാജ്യങ്ങൾ കടുത്തനിയന്ത്രണങ്ങളിലേക്ക്‌ പോകുമ്പോൾ ജനങ്ങൾ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച്‌ നിർദേശങ്ങൾ പങ്കുവച്ച്‌ ലോകാരോഗ്യസംഘടനയുടെ തലവൻ തെദ്രോസ്‌ അഥാനം ഗെബ്രേസിയുസ്‌. വീടുകളിൽ കഴിയുന്നവർ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച്‌ അദ്ദേഹം നൽകിയ നിർദേശങ്ങൾ:


1 ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ആഹാരം കഴിക്കുക

2 മദ്യപാനം നിയന്ത്രിക്കുക, മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുക

3 പുകവലിക്കരുത്‌. മറ്റ്‌ രോഗങ്ങളുള്ളവരെ കോവിഡ്‌ ബാധിച്ചാൽ സ്ഥിതി വഷളാക്കും. 

4 വ്യായാമം ശീലമാക്കുക. മുതിർന്നവർ ദിവസവും കുറഞ്ഞത്‌ 30 മിനിറ്റും കുട്ടികൾ ഒരു മണിക്കൂറും വ്യായാമം  ചെയ്യുക.

5 വീടുകളിൽ  നൃത്തം, യോഗ തുടങ്ങിയവയിൽ ഏർപ്പെടുക. പടികൾ കയറുക. വീടുകളിൽ ഇരുന്നാണ്‌ ജോലി ചെയ്യുന്നതെങ്കിൽ തുടർച്ചയായി ഒരേയിടത്ത്‌ ഇരിക്കരുത്‌. അരമണിക്കൂർ ഇടവിട്ട്‌ എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുക. 

6 മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകുക. ഈ പ്രതിസന്ധിഘട്ടത്തിൽ പേടിയും ആശങ്കയും ആകുലതയും സ്വാഭാവികമാണ്‌. നിങ്ങൾ ഏറെ വിശ്വസിക്കുന്നവരുമായി സംസാരിക്കുക. അയൽപക്കക്കാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സുരക്ഷിതരാണെന്ന്‌ ഉറപ്പുവരുത്തുക. അനുകമ്പ ഒരു മരുന്നാണ്‌.

7 പുസ്തകം വായിക്കുക, പാട്ട്‌ കേൾക്കുക, കളികളിൽ ഏർപ്പെടുക. ഉൽക്കണ്ഠയുണ്ടാക്കുന്നുണ്ടെങ്കിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കൂടുതൽ കേൾക്കാതിരിക്കുക. വിശ്വസ്തമായ മാധ്യമങ്ങളിൽനിന്ന്‌ വിവരങ്ങൾ അറിയുക.

കോവിഡ്‌ നമ്മളിൽനിന്ന്‌ ധാരാളം നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും ഒന്നുചേരാനും ഒരുമിച്ച്‌ പഠിക്കാനും വളരാനും അത്‌ അവസരമുണ്ടാക്കുന്നെന്നും തെദ്രോസ്‌ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top