സിറിയൻ ഭീകരരുമായി കൈകോർക്കാൻ യുഎസ്
വാഷിങ്‌ടൺ> സിറിയയിൽ അട്ടിമറി നടത്തിയ ഭീകരസംഘടന ഹയാത് തഹ്‌രീർ അൽഷാമു(എച്ച്‌ടിഎസ്)മായി കൈകോർക്കാൻ അമേരിക്ക ആലോചിക്കുന്നു. അൽഖായിദയുമായുള്ള ബന്ധത്തിന്റെ പേരിൽ തങ്ങൾ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് എച്ച്‌ടിഎസ് എങ്കിലും പുതിയ സാഹചര്യത്തിൽ പശ്ചിമേഷ്യയെ കലുഷിതമാക്കാൻ അവരുമായി കൂട്ടുകൂടാമോയെന്നാണ് അമേരിക്ക ആലോചിക്കുന്നത്.
എച്ച്‌ടിഎസിന്റെ നേതാവ് അബു മൊഹമ്മദ് അൽ ജൊലാനി ഇറാഖിൽ തങ്ങൾക്കെതിരെ അൽഖായിദക്കുവേണ്ടി പ്രവർത്തിച്ചതും ജൊലാനിയുടെ തലക്ക് പത്തുകോടി ഡോളർ വിലയിട്ടതും തത്‌കാലം മറക്കാനാണ് ആലോചന. എച്ച്‌ടിഎസുമായി ചർച്ചനടത്താൻ അമേരിക്കയ്‌ക്ക് നിരവധി വഴികളുണ്ടെന്ന് യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞു. അത്തരത്തിലുള്ള സംഭാഷണങ്ങൾ കഴിഞ്ഞ രണ്ടുദിവസങ്ങളായി നടക്കുന്നുണ്ട്. സിറിയയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന രാജ്യങ്ങളുമായി സംസാരിച്ചു.
എങ്ങനെ എച്ച്‌ടിഎസുമായി സഹകരണമുണ്ടാക്കാമെന്നതിലാണ് ശ്രദ്ധ. സിറിയക്കുമേലുള്ള ഉപരോധം നീക്കുന്നതും പുതിയ സാഹചര്യത്തിൽ പരിഗണിച്ചേക്കും. എച്ച്‌ടിഎസിന്റെ തുടർന്ന പ്രവർത്തനം അവലോകനം ചെയ്‌താകും തീരുമാനത്തിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭീകരർക്കും അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികളുമായി ചങ്ങാത്തത്തിലാകാനാണ് താത്പര്യമെന്നാണ് അവരുടെ നടപടികളിൽനിന്ന് വ്യക്തമാകുന്നത്. രാജ്യത്തെ അരക്ഷിതാവസ്ഥ മുതലെടുത്ത് യുഎസും ഇസ്രയേലും കടുത്ത ആക്രമണങ്ങൾ സിറിയക്കുനേരെ തുടരുന്നതിനെതിരെ ഇതുവരെ എച്ച്ടിഎസോ അബു മൊഹമ്മദ് അൽ ജൊലാനിയോ പ്രതികരിച്ചിട്ടില്ല.
0 comments