18 August Sunday

എഴുപതിലേറെ പ്രക്ഷോഭകരെ ബലാത്സംഗംചെയ‌്ത‌് സുഡാൻ സൈന്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

ഖാർത്തൂം> സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലെ സമരഭൂമി റെയ‌്ഡ‌് ചെയ‌്ത സൈനികർ എഴുപതിലേറെ ബലാത്സംഗം ചെയ‌്തതായി ഡോക്ടർമാർ വെളിപ്പെടുത്തി. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട‌് ഇടക്കാല സൈനികഭരണത്തിനെതിരെ തെരുവിലിറങ്ങിയവരെ അതിക്രൂരമായാണ‌് അടിച്ചമർത്തിയത‌്. കഴിഞ്ഞയാഴ‌്ചത്തെ സൈനികനടപടിയിൽ നൂറോളംപേർ കൊല്ലപ്പെടുകയും എഴുനൂറോളംപേർക്ക‌് പരിക്കേൽക്കുകയുംചെയ‌്തു.

ആശയവിനിമയത്തിന‌് കടുത്ത വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും സൈന്യം നടത്തിയ അതിക്രമത്തിന്റെ റിപ്പോർട്ടുകൾ പലപ്പോഴായി പുറത്തുവരികയാണ‌്. സൈനികനടപടിയെ തുടർന്ന‌് ചികിത്സതേടിയവരെ പ്രവേശിപ്പിച്ച ഖാർത്തൂമിലെ ആശുപത്രികളിൽ എഴുപതിലേറെ ബലാത്സംഗക്കേസുകൾ രേഖപ്പെടുത്തിയതായി ഡോക്ടർമാരുടെ സന്നദ്ധസംഘടനയാണ‌് കണ്ടെത്തിയത‌്. ബലാത്സംഗത്തിനിരയായ എട്ടുപേരെ ചികിത്സിച്ചതായി റോയൽ കെയർ ആശുപത്രിയിൽ രേഖയുണ്ട‌്. ദൃക‌്സാക്ഷികളായ പലരും സാമൂഹ്യമാധ്യമങ്ങളിൽ സൈനികരുടെ ലൈംഗികാതിക്രമത്തെക്കുറിച്ച‌് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ശരിവയ‌്ക്കുന്നതാണ‌് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. സൈന്യം വ്യാപകമായി ലൈംഗികാതിക്രമം നടത്തിയെന്ന റിപ്പോർട്ട‌് വിവിധ മനുഷ്യാവകാശ സംഘടനകളും സ്ഥിരീകരിച്ചു.

സൈന്യത്തിന്റെ അടിച്ചമർത്തൽ നേരിട്ട പ്രക്ഷോഭകർ പ്രതിഷേധം വീണ്ടും ശക്തമാക്കിയിട്ടുണ്ട‌്. ഞായറാഴ‌്ചമുതൽ പണിമുടക്കിന‌് ആഹ്വാനംചെയ‌്ത വിവിധ സംഘടനകൾ തെരുവിലുണ്ട‌്. അതേസമയം, രാജ്യത്തെ അരക്ഷിതമാക്കുന്നതാണ‌് പ്രക്ഷോഭമെന്ന‌ാണ‌് സൈനികനേതൃത്വത്തിന്റെ വാദം. ചർച്ചകൾക്കായി അമേരിക്ക സുഡാനിലേക്ക‌് പ്രതിനിധിയെ അയച്ചു. ജനകീയപ്രക്ഷോഭത്തെ തുടർന്ന‌് കഴിഞ്ഞ ഏപ്രിലിൽ പ്രസിഡന്റ‌് ഒമർ അൽ ബാഷിറിനെ പുറത്താക്കിയാണ‌് സൈന്യം ഭരണമേറ്റത‌്. അതിനുശേഷം ജനാധിപത്യസർക്കാരിന‌് ഭരണം കൈമാറണമെന്ന ആവശ്യം സൈന്യം നിരസിച്ചതോടെയാണ‌് ജനങ്ങൾ വീണ്ടും തെരുവിലിറങ്ങിയത‌്.


പ്രധാന വാർത്തകൾ
 Top