11 August Thursday

സുഡാനിൽ അബ്ദല്ല ഹാംഡോക്ക്‌ വീണ്ടും അധികാരത്തില്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

videograbbed image


ഖാർത്തും
ആഫ്രിക്കൻ രാജ്യമായ സുഡാനിൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്ക്‌ അധികാരത്തിൽ തിരിച്ചെത്തി. പട്ടാള ഭരണാധികാരി ജനറൽ അബ്‌ദേൽ ഫത്താ ബുർഹാനുമായി  അധികാരം പങ്കിടൽ  കരാറിൽ ഹാംഡോക്ക്‌ ഒപ്പുവച്ചു. എന്നാൽ, രണ്ടുവർഷം മുമ്പ്‌ പ്രധാനമന്ത്രിയാകാൻ ഹാംഡോക്കിനെ പിന്തുണച്ച പൗരസഖ്യം പുതിയ കരാർ അംഗീകരിച്ചിട്ടില്ല. എല്ലാ രാഷ്‌ട്രീയ തടവുകാരെയും മോചിപ്പിക്കാനും സൈന്യവും രാഷ്‌ട്രീയപാർടികളും തമ്മിൽ തീരുമാനമായി.  സൈന്യം പൂർണമായും പിൻമാറണമെന്നാവശ്യപ്പെട്ട്‌ തലസ്ഥാനമായ ഖാർത്തൂമിലേക്ക്‌ പ്രതിഷേധമാർച്ച്‌ നടത്തിയവർക്ക്‌നേരെ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. 

ജനാധിപത്യത്തിലേക്കുള്ള മാറ്റം പുനഃസ്ഥാപിക്കാൻ സുഡാനുമേൽ അന്താരാഷ്‌ട്ര തലത്തിൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. ലോകബാങ്ക്‌ സഹായം മരവിപ്പിച്ചു. ആഫ്രിക്കൻ യൂണിയൻ അംഗത്വത്തിൽനിന്ന്‌ പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് പട്ടാളത്തിന് മനംമാറ്റമുണ്ടായത്.
വ്യവസ്ഥകൾ സുഡാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ സഹായകരമാണെന്ന് പുതിയ കരാറിന്‌ മധ്യസ്ഥരായ അക്കാദമിക്‌ വിദഗ്‌ധരും മാധ്യമപ്രവർത്തകരും പറഞ്ഞു.

ഒമർ അൽ ബാഷിറിന്റെ എകാധിപത്യ ഭരണം 2019 എപ്രിലിൽ ജനകീയ പ്രക്ഷോഭത്തിലൂടെ അവസാനിപ്പിച്ച ശേഷമായിരുന്നു അധികാരം പരമാധികാര കൗൺസിലിന്‌ കൈമാറിയത്‌. ഒക്‌ടോബർ 25നാണ് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്നുണ്ടായ പ്രതിഷേധത്തിൽ 40 പേർ കൊല്ലപ്പെട്ടു. അന്നുമുതൽ ഹാംഡോക്ക്‌ വീട്ടുതടങ്കലിലായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top