19 July Friday

ജപ്പാനിൽ സ‌്കൂൾകുട്ടികളെ ആക്രമിച്ചു: പെൺകുട്ടിയടക്കം 2 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday May 29, 2019

ടോക്കിയോ
ജപ്പാനിലെ കവാസാക്കി നഗരത്തിൽ ബസ‌് കാത്തുനിന്ന സ‌്കൂൾകുട്ടികൾക്കു നേരെ കത്തിയാക്രമണം. ഒരു പെൺകുട്ടിയടക്കം രണ്ടുപേർ മരിച്ചു. അക്രമി സ്വയം കഴുത്തിൽ കത്തിയിറക്കി ജീവനൊടുക്കി. ആക്രമണത്തിൽ 18 പേർക്ക‌് പരിക്കേറ്റു. 11 വയസ്സുള്ള കുട്ടിയും മറ്റൊരു കുട്ടിയുടെ അച്ഛനുമാണ‌് കൊല്ലപ്പെട്ടത‌്. ആക്രമണങ്ങൾ വിരളമായ രാജ്യത്ത‌് നടന്ന സംഭവത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല.

സ‌്കൂളിലേക്കു പോവുകയായിരുന്ന 16 പെൺകുട്ടികളടങ്ങിയ സംഘത്തിനുനേരെ ചൊവ്വാഴ‌്ച രാവിലെയാണ‌് അക്രമമുണ്ടായത‌്. രണ്ടു കൈയിലും കത്തിയുമായെത്തിയ മധ്യവയസ‌്കൻ കുട്ടികൾക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. സമീപത്തെ ബസിൽ ഉണ്ടായിരുന്ന കുട്ടികളെ‌യും ഇയാൾ പരിക്കേൽപ്പിച്ചു. സ്വയം പരിക്കേൽപ്പിച്ച അക്രമിയെ പൊലീസ‌് പിടികൂടിയെങ്കിലും ആശുപത്രിയിൽ മരിച്ചു.

ആറാംക്ലാസ‌് വിദ്യാർഥി ഹനാകോ കുറിബായാഷി, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ സതോഷി ഒയാമ ‌എന്നിവരാണ‌് കൊല്ലപ്പെട്ടത്‌. കൊലയാളിയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടില്ല. കുട്ടികളെ പരിചരിക്കാൻ സംഭവസ്ഥലത്തുതന്നെ അടിയന്തര സംവിധാനമൊരുക്കി. സംഭവത്തെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ അപലപിച്ചു. കൊല്ലപ്പെട്ടവർക്കുള്ള ആദരസൂചകമായി പ്രദേശവാസികൾ ഒത്തുകൂടി പൂക്കളർപ്പിച്ചു. 2001ൽ ഒസാക്കയിലെ സ‌്കൂ‌ളിൽ നടന്ന ആക്രമണത്തിൽ എട്ട‌് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top