20 September Friday

ന്യായമായ ശമ്പളമില്ല; ബ്രിട്ടീഷ് എയര്‍വേയ്‌‌സിലെ പൈലറ്റുമാര്‍ സമരത്തില്‍, വിമാനങ്ങള്‍ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

ലണ്ടന്‍ > മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ബ്രിട്ടീഷ് എയര്ഡവേയ്‌സിലെ പൈലറ്റുമാര്‍ സമരത്തില്‍. 48 മണിക്കൂര്‍ പണിമുടക്കിനാണ് ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് വിമാന സര്‍വീസുകളെല്ലാം ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കിയിരിക്കുകയാണ്.

കഴിഞ്ഞ മാസം തന്നെ ശമ്പള വര്‍ധന ആവശ്യപ്പെട്ട് പൈലറ്റുമാരുടെ യൂണിയന്‍ കമ്പനിക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 9,10 തിയതികളിലും 27-ാം തീയതിയിലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളവിഷയത്തില്‍ ഒമ്പത് മാസമായി പൈലറ്റുമാരും കമ്പനിയും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് പൈലറ്റുമാര്‍ പണിമുടക്ക് ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമരക്കാരോടും കമ്പനിയോടും തര്‍ക്കം അവസാനിപ്പിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു.

കമ്പനിയുടെ ലാഭത്തിനനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പൈലറ്റ്‌സ് അസോസിയേഷന്‍ പറയുന്നത്. സമരത്തെ തുടര്‍ന്ന് സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top