20 April Saturday

പൊലിയില്ല ശാസ്ത്രനക്ഷത്രം ; സ്റ്റീഫൻ ഹോക്കിങ്‌ (1942‐ 2018)

വെബ് ഡെസ്‌ക്‌Updated: Thursday Mar 15, 2018


ലണ്ടൻ > ശാരീരിക പരിമിതികളെ നിഷ്പ്രഭമാക്കി ആധുനിക പ്രപഞ്ചഘടനാശാസ്ത്രത്തിന് അടിത്തറപാകിയ നൂറ്റാണ്ടിന്റെ ശാസ്ത്രപ്രതിഭ സ്റ്റീഫൻ ഹോക്കിങ് (76) വിടവാങ്ങി. ലളിതവും രസകരവുമായി പ്രപഞ്ചരഹസ്യങ്ങൾ വിവരിക്കുകവഴി തലമുറകളെ ശാസ്ത്രകുതുകികളാക്കിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ. ആൽബർട്ട് ഐൻസ്റ്റീന് ശേഷം ലോകംകണ്ട ഏറ്റവും പ്രഗത്ഭനായ ഭൗതികശാസ്ത്രസൈദ്ധാന്തികനായാണ് സ്റ്റീഫൻ ഹോക്കിങ് വിലയിരുത്തപ്പെട്ടത്. തമോഗർത്തസിദ്ധാന്തവും ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തത്തിന് നൽകിയ വിശദീകരണവുമാണ് അദ്ദേഹത്തെ അന്താരാഷ്ട്രപ്രശസ്തനാക്കിയത്. 21‐ാംവയസ്സുമുതൽ അത്യപൂർവ നാഡീരോഗത്തിനിരയായി ക്രമേണ ചലനശേഷി നഷ്ടമായെങ്കിലും കവിൾത്തടപേശിയുടെമാത്രം ചലനത്തിലൂടെ ആശയവിനിമയം സാധ്യമാക്കിയ അദ്ദേഹം പ്രസന്നമായ ജീവിതാഭിമുഖ്യത്തിന്റെയും പ്രത്യാശയുടെയും നിത്യപ്രതീകമായി. കേംബ്രിഡ്്ജിലെ സ്വവസതിയിൽ ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് മക്കൾ അറിയിച്ചു.

തമോഗർത്തങ്ങൾക്കും മരണമുണ്ടെന്ന ഹോക്കിങിന്റെ നിഗമനം ആധുനിക ശാസ്ത്രലോകം പരക്കെ അംഗീകരിച്ചെങ്കിലും വസ്തുനിഷ്ഠമായി നിരീക്ഷിച്ച് വിലയിരുത്താൻ അപ്രാപ്തമായതിനാലാണ് അദ്ദേഹത്തിന് നൊബേൽ പുരസ്കാരം നിഷേധിക്കപ്പെട്ടത്. ശാസ്ത്രസംഭാവനകൾക്ക് ഒട്ടേറെ ബഹുമതികൾ ലഭിച്ചു. യൗവനകാലത്തുതന്നെ ബ്രിട്ടണിലെ വിഖ്യാതമായ റോയൽ സൊസൈറ്റിയിൽ അംഗത്വം ലഭിച്ചു. ശാസ്ത്രസംഭവനകളുടേപേരിൽ  നിരന്തരമായി ആൽബർട്ട് ഐൻസ്റ്റീനുമായും ഐസക് ന്യൂട്ടനുമായും താരതമ്യം ചെയ്യപ്പെട്ടു.  ശാസ്ത്രസമസ്യകൾ ലളിതമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥം 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' ലോകമെമ്പാടും 40 ഭാഷകളിലായി ഒരു കോടിയിലേറെ പതിപ്പിറങ്ങി.
ഭൂമിക്ക് പുറത്തും ജീവൻ ഉണ്ടാകുമെന്നും അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് എത്താമെന്നുമുള്ള ധാരണയ്ക്ക് യുക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമിയിലെ മനുഷ്യജീവിതം ഭാവിയിൽ ദുസ്സഹമാകുമെന്നും അന്യഗ്രഹങ്ങളിലേക്ക് കുടിയേറിയില്ലെങ്കിൽ മനുഷ്യരാശി അന്യംനിന്നുപോകുമെന്നും അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നൽകി. ധീരനും സ്ഥിരോത്സാഹിയുമായ നൂറ്റാണ്ടിന്റെ ശാസ്ത്രപ്രതിഭയുടെ നിര്യാണത്തിൽ ലോകമെമ്പാടുമുള്ളവർ അനുശോചിച്ചു. അനിതരസാധാരണമായ നർമബോധമാണ് ഗുരുതരമായ രോഗാവസ്ഥയെ അതിജീവിക്കാൻ ഹോക്കിങ്സിനെ പ്രാപ്തമാക്കിയതെന്ന് സുഹൃത്തുക്കളായ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. 

ആധുനികശാസ്ത്രത്തിന്റെ പിതാവ്് ഗലീലിയോ ഗലീലിയുടെ മുന്നൂറാം ചരമവാർഷികദിനമായ 1942 ജനുവരി എട്ടിനായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജനനം. ജീവശാസ്ത്രഗവേഷകനായിരുന്നു പിതാവ്. കുതിരസവാരിയും വേഗവും ഇഷ്ടപ്പെട്ട സ്റ്റീഫൻ ഹോക്കിങിന് പഠനകാലത്താണ് മോട്ടോർ ന്യൂറോൺ എന്ന അപൂർവരോഗം സ്ഥിരീകരിക്കുന്നത്. ശരീരത്തിലെ പേശികൾ ക്രമേണ നിർജീവമാകുന്ന രോഗാവസ്ഥയാണിത്. സഹപാഠി ജാനെ വിൽഡെയെ വിവാഹം കഴിക്കാൻ തയ്യാറെടുക്കവെ ഇനി മൂന്ന് വർഷം കൂടിമാത്രമേ ജീവിതം ഉണ്ടാകൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. എതിർപ്പിനെ അവഗണിച്ചും വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്്. തൊണ്ടയിൽ തുളയുണ്ടാക്കി സ്ഥാപിച്ച യന്ത്രത്തിന്റെ സഹായത്തോടെയാണ് അദ്ദേഹം 1988 മുതൽ ആശയവിനിമയം നടത്തിയത്. ഇതിന്റെ സഹായത്തോടെയാണ് 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന വിഖ്യാതഗ്രന്ഥം പൂർത്തിയാക്കിയത്. ജീവിതത്തിന് പൂർണമായി ഭാര്യയോട് കടപ്പാട് പ്രഖ്യാപിച്ച അദ്ദേഹം 20 വർഷം നിഴൽപോലെ ഒപ്പമുണ്ടായിരുന്ന ജാനെയെ വിട്ട്  തന്നെ പരിചരിച്ച നേഴ്സ് എലെയ്ൻ മാസണിനെ 1995ൽ വിവാഹം കഴിച്ചത് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിച്ചു.  ഇവർ പിന്നീട് 2006ൽ വിവാഹമോചിതരായി. അദ്ദേഹത്തിന്റെ പ്രണയവും വിവാഹജീവിതവും ചിത്രീകരിക്കുന്ന സിനിമ 'ദ തിയറി ഓഫ് എവരിതിങ'് 2014ൽ പുറത്തിറങ്ങി.

വിയറ്റ്നാം യുദ്ധത്തെ തള്ളിപ്പറഞ്ഞ ഹോക്കിങ്് അമേരിക്കയുടെ ഇറാഖ് അധിനിവേശം 'യുദ്ധക്കുറ്റ'മാണെന്ന് ശക്തമായ രാഷ്ട്രീയനിലപാടും സ്വീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശക്തനായ വിമർശകനായിരുന്നു.

 

പ്രധാന വാർത്തകൾ
 Top