28 September Wednesday
പ്രസിഡന്റ്‌ എവിടെയെന്ന്‌ അറിവില്ല

"രാജിവയ്ക്കൂ; പുറത്തുപോകാം" ; കൊട്ടാരം വിട്ടുപോകാതെ ജനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022


കൊളംബോ
പ്രസിഡന്റ് രാജിവയ്ക്കാതെ പുറത്തുപോകില്ലെന്ന നിലപാടില്‍ ഉറച്ച് കൊട്ടാരം വിട്ടുപോകാതെ ജനങ്ങള്‍. രണ്ടരലക്ഷത്തോളം പേരാണ്‌ കൊട്ടാരത്തില്‍ തുടരുന്നത്‌. അതേസമയം, പ്രസിഡന്റ് ​ഗോതബായ രജപക്സെ എവിടെയെന്നതിന് ആര്‍ക്കും ഉത്തരമില്ല. പ്രക്ഷോഭകര്‍ ലങ്ക കീഴടക്കിയതിനുശേഷം ​ഗോതബായ ആകെ ബന്ധപ്പെട്ടത് സ്പീക്കര്‍ മഹിന്ദ യാപ്പ അബെയ് വര്‍ധനയോടു മാത്രമാണ്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും അഭാവത്തില്‍ ഇനി രാജ്യത്തിന്റെ ഭരണച്ചുമതല സ്പീക്കര്‍ക്കാണ്. ശനിയാഴ്ചത്തെ സര്‍വകക്ഷി യോ​ഗത്തിനുശേഷം പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്ന് സ്പീക്കര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പ്രധാനമന്ത്രി റനില്‍ വിക്രമസിം​ഗെ രാജി പ്രഖ്യാപിച്ചു. പ്രസിഡന്റും രാജി സന്നദ്ധത അറിയിച്ചതായി സ്പീക്കര്‍ പ്രഖ്യാപിച്ചെങ്കിലും ഇരുവരും രാജിവയ്ക്കാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. സമരക്കാരോട് സമാധാനത്തില്‍ പിരിഞ്ഞുപോകണമെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ പിന്തുണയ്‌ക്കണമെന്നും പ്രതിരോധസേനാ മേധാവി ജനറല്‍ ഷവേന്ദ്ര ഡിസില്‍വയും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വസതിക്ക് തീയിട്ടവരില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഡംബര വാഹനവും തകര്‍ത്തിരുന്നു. അതേസമയം, പരിക്കേറ്റ 11 മാധ്യമപ്രവര്‍ത്തകരെയടക്കം 102 പേരെ കൊളംബോ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് നേരെയുണ്ടായ അക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍​ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

ഒന്നേമുക്കാല്‍ കോടിയും സെൽഫിയും
​ഗോതബായ രജപക്സെയുടെ ഔദ്യോ​ഗിക വസതിയില്‍നിന്ന് 1.785 കോടി ശ്രീലങ്കന്‍ രൂപ കണ്ടെടുത്തതായി പ്ര​ക്ഷോഭകര്‍ അറിയിച്ചു. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. തുടര്‍ന്ന് പണം പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്ക് കൈമാറി. വസതിക്കുള്ളിലെ അതിസുരക്ഷാ നിലവറയും പ്രക്ഷോഭകര്‍ കണ്ടെത്തി. പ്രസിഡന്റ് കൊട്ടാരത്തിലെ മെത്തയിൽ ഉറങ്ങിയും വീട്ടിലെ അലങ്കാര വസ്തുക്കളുടെ ഭംഗി ആസ്വദിച്ചു മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയുമാണ് പ്രക്ഷോഭകര്‍ ചെലവഴിച്ചത്. ഒറ്റദിവസംകൊണ്ട് ലങ്കയിലെ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമായി പ്രസിഡന്റിന്റെ വസതിമാറി.

ഒളിവിലിരുന്ന്‌ ഉത്തരവിട്ട്‌ പ്രസിഡന്റ്
പ്രക്ഷോഭകര്‍ ഔദ്യോ​ഗിക വസതി കീഴടക്കിയതോടെ സുരക്ഷിതസ്ഥലത്തേക്ക്‌ രക്ഷപ്പെട്ടെങ്കിലും ‘ഭരണം തുടർന്ന്‌’ ശ്രീലങ്കൻ പ്രസിഡന്റ്‌. പാചകവാതക വിതരണം സു​ഗമമാക്കണമെന്നുള്ള പ്രസിഡന്റിന്റെ സന്ദേശം ലഭിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇന്ധനക്ഷാമം നേരിട്ടിരുന്ന രാജ്യത്ത് 3,700 മെട്രിക് ടണ്‍ പാചകവാതകം എത്തിയതിന് പിന്നാലെയാണ്‌ പ്രസിഡന്റിന്റെ ‘ഉത്തരവ്‌’. ഞായര്‍ ഉച്ചയോടെ കേരവാലപിട്ടിയ തുറമുഖത്താണ് പാചകവാതക കപ്പലെത്തിയത്. 3740 ടണ്‍ വാതകവുമായി രണ്ടാമത്തെ കപ്പല്‍ ചൊവ്വയും 3200 ടണ്ണുമായി 15നും കപ്പലുകള്‍ എത്താനിടയുണ്ട്.
 

അധികാരത്തിൽ തുടരാൻ 
അവകാശമില്ല: മൈത്രിപാല സിരിസേന
ശ്രീലങ്കൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയ്‌ക്കും പ്രധാനമന്ത്രി റെനിൽ വിക്രമ സിംഗെയ്‌ക്കും അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന്‌ മുൻ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന പറഞ്ഞു. ഉടൻ രാജിവയ്‌ക്കാനും ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കാനും തയ്യാറായില്ലെങ്കിൽ രാജ്യം അപകടകരമായ സാഹചര്യത്തിലേക്ക്‌ നീങ്ങുമെന്നും സിരിസേന മുന്നറിയിപ്പുനൽകി. പാർലമെന്റ്‌ സ്‌പീക്കർ ഇടക്കാല പ്രസിഡന്റിനെ നിയോഗിക്കാൻ തയ്യാറാകണമെന്നതടക്കം പ്രശ്‌നപരിഹാരത്തിനായി  10 ഇന നിർദേശവും സിരിസേന മുന്നോട്ടുവച്ചു.

സർവകക്ഷി സർക്കാർ രൂപീകരിക്കുന്നതിനായി എല്ലാ പാർടിയുടെയും നേതാക്കൾ ഉൾപ്പെടുന്ന ദേശീയ നിർവാഹകസമിതി സജ്ജീകരിക്കണം.
രാജ്യത്തെ പൂർവസ്ഥിതിയിലേക്ക്‌ മടക്കിക്കൊണ്ടുവരാൻ നിശ്ചിത ലക്ഷ്യങ്ങൾ നടപ്പാക്കാനായി പ്രത്യേക മന്ത്രിസഭയെ നിയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top