07 July Thursday
രണ്ടു മുന്‍ മന്ത്രിമാരുടെ വസതി ആക്രമിച്ചു , എംപിയുടെ വീടിന് തീയിട്ടു

ലങ്ക കത്തുന്നു ; രജപക്‌സെയുടെ വീടിനു തീയിട്ടു, സം​ഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യം

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

കൊളംബോ
പട്ടിണിയിലും ദാരിദ്ര്യത്തിലും പൊറുതിമുട്ടിയ ലങ്കന്‍ജനതയുടെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ അനുകൂലികള്‍ ഇറങ്ങിത്തിരിച്ചതോടെ ദ്വീപ് രാഷ്ട്രം ആഭ്യന്തരകലാപത്തിലേക്ക്. നൂറ്റമ്പതിലേറെ പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റതോടെ ഉത്തരവാദിത്വം ഏറ്റെടുത്ത്  പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. 

എഴുപത്താറുകാരനായ മഹിന്ദ സഹോദരനും പ്രസിഡന്റുമായ ഗോതബായ രജപക്‌സെയ്‌ക്ക്‌ രാജിക്കത്ത്‌ കൈമാറി. രണ്ടു മന്ത്രിമാരും രാജികത്ത്‌ കൈമാറി. ദേശവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും സ്ഥിതി നിയന്ത്രിക്കാനായില്ല. രണ്ടു മുന്‍മന്ത്രിമാരുടെ വസതികൾ ആക്രമിക്കപ്പെട്ടു. രജപക്‌സെയുടെകുടുംബവീടിനും  എംപിയുടെ വീടിനും തീയിട്ടു. പ്രതിഷേധം ഭയന്ന് സമീപത്തെ കെട്ടിടത്തിൽ അഭയംതേടിയ ഭരണകക്ഷി എംപി അമരകീർത്തി അതുകൊരാളയെ വെടിയേറ്റ്‌ മരിച്ചനിലയില്‍ കണ്ടെത്തി. കാർ തടഞ്ഞവരെ വെടിവച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച എംപി സ്വയം വെടിവച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. എംപിയുടെ സുരക്ഷാജീവനക്കാരനും വെടിയേറ്റ പ്രക്ഷോഭകനും കൊല്ലപ്പെട്ടു.

തിങ്കളാഴ്‌ച പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ ഓഫീസിനുമുമ്പിൽ പ്രതിഷേധിച്ചവരെ മഹിന്ദ അനുകൂലികൾ ആക്രമിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയായ ടെമ്പിൾ ട്രീസിനുമുമ്പിലും പ്രതിഷേധക്കാർക്കുനേരെ ആക്രമണമുണ്ടായി. ടെമ്പിൾ ട്രീസിനു സമീപം സജ്ജീകരിച്ച പ്രതിഷേധവേദിയായ "മൈനഗോഗാമ'യ്‌ക്കു പുറത്ത്‌ നൂറോളം മഹിന്ദ അനുകൂലികൾ പ്രധാനമന്ത്രിക്ക്‌ ഐക്യദാർഢ്യം അർപ്പിച്ച്‌ മാർച്ച്‌ നടത്തി. 

മഹിന്ദയെ പിന്തുണയ്‌ക്കുന്ന എംപിമാരും പ്രാദേശിക സർക്കാര്‍ പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മഹിന്ദയുടെ രാജി ആവശ്യപ്പെട്ട്‌ 31 ദിവസമായി ഇവിടെ സമാധാനപരമായ പ്രതിഷേധം നടക്കുകയാണ്. പൊലീസ് വലയം  ഭേദിച്ച്  മഹിന്ദ അനുകൂലികള്‍ പ്രക്ഷോഭകരെ നേരിട്ടതോടെ സ്ഥിതി വഷളായി. നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രത്യേക മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടതനുസരിച്ച്‌ രാജിവയ്‌ക്കുകയാണെന്ന്‌ പിന്നാലെ മഹിന്ദ രജപക്‌സെ ട്വീറ്റ്‌ ചെയ്തു.

പ്രസിഡന്റിന്റെ വസതിക്കുമുന്നിലെ പ്രതിഷേധവേദി സന്ദര്‍ശിച്ച  പ്രതിപക്ഷ പാര്‍ടിയായ സമാഗി ജന ബലവേഗായ നേതാവ് സജിത്‌ പ്രേമദാസയ്‌ക്കെതിരെയും ആക്രമണമുണ്ടായി. സ്ഥിതി നിയന്ത്രിക്കാൻ പ്രദേശത്ത്‌ സൈന്യത്തെ ഇറക്കി. വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമായതോടെ വെള്ളിയാഴ്‌ച ശ്രീലങ്കയിൽ രണ്ടാംതവണയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.  

വിദേശനാണ്യ ദൗർലഭ്യത്തെതുടർന്ന്‌ വലിയ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ രജപക്‌സെ സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്. ഭക്ഷ്യസാധനങ്ങള്‍ക്കും മരുന്നിനും ഇന്ധനത്തിനും ക്ഷാമം നേരിട്ടതോടെ ജനം ആഴ്ചകളായി തെരുവില്‍ പ്രക്ഷോഭത്തിലാണ്.  എല്ലാ പാർടികൾക്കും പ്രാധാന്യമുള്ള ഇടക്കാല സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അധികാരം കൈവിടാൻ രജപക്‌സെമാർ തയ്യാറായിരുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top