Deshabhimani

ശ്രീലങ്കൻ സ്പീക്കർ അശോക റാൻവാല രാജിവെച്ചു

വെബ് ഡെസ്ക്

Published on Dec 13, 2024, 06:04 PM | 0 min read

കൊളമ്പോ > ശ്രീലങ്കൻ സ്പീക്കർ അശോക റാൻവാല രാജിവെച്ചു. വിദ്യാഭ്യാസ യോ​ഗ്യത സംബന്ധിച്ച വിവാദത്തെ തുടർന്നാണ് രാജി. ജപ്പാനിൽ നിന്ന് ഡോക്ടറേറ്റ് നേടിയെന്നാണ് റാൻവാല അവകാശപ്പെട്ടിരുന്നത്. എന്നാൽ ആവശ്യമായ രേഖകൾ ഉടൻ സമർപ്പിക്കാൻ റാൻവാലയ്ക്ക് സാധിച്ചില്ല. തുടർന്നാണ് രാജി. അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പൊതുജനങ്ങൾക്ക് കൂടുതൽ അസൗകര്യമുണ്ടാകാതിരിക്കാനാണ് സ്ഥാനമൊഴിയുന്നതെന്നും റാൻവാല പത്ര പ്രസ്താവനയിൽ അറിയിച്ചു.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സമൂഹത്തിൽ ഒരു പ്രശ്നം ഉയർന്നിരുന്നു. എന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഞാൻ തെറ്റായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നാൽ വിദ്യാഭ്യാസ യോഗ്യത സ്ഥിരീകരിക്കാനാവശ്യമായ ചില രേഖകൾ ഇപ്പോൾ കൈവശമില്ലാത്തതിനാലും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ടതിനാലും ആ രേഖകൾ ഉടൻ സമർപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടായിരിക്കുകയാണ്.

എനിക്ക് ഡോക്ടറേറ്റ് ബിരുദം നൽകിയ ജപ്പാനിലെ വസേഡ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവേഷണ സ്ഥാപനത്തിൽ നിന്ന് പ്രസക്തമായ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കാൻ എനിക്ക് കഴിയും. എത്രയും വേഗം അവ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എങ്കിലും സാഹചര്യം കണക്കിലെടുത്ത് സർക്കാരിനും ഞങ്ങളിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്കും നാണക്കേട് ഉണ്ടാകാതിരിക്കാൻ ഞാൻ ഇപ്പോൾ വഹിക്കുന്ന സ്പീക്കർ സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതായി നിങ്ങളെ അറിയിക്കുന്നു.' - റാൻവാല പ്രസ്താവനയിൽ വ്യക്തമാക്കി.




 



deshabhimani section

Related News

0 comments
Sort by

Home