17 June Monday

സ്‌പെയിനിൽ സോഷ്യലിസ്റ്റുകൾക്ക‌് വിജയം; ഇടതുസഖ്യ സർക്കാർ രൂപീകരിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019

മാഡ്രിഡ‌്> സ‌്പെയിൻ പൊതുതെരഞ്ഞെടുപ്പിൽ 123 സീറ്റുനേടിയ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ സ‌്പാനിഷ‌് സോഷ്യലിസ്റ്റ‌് വർക്കേഴ‌്സ‌് (പിഎസ‌്ഒഇ) പാർടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ,  സർക്കാർ രൂപീകരിക്കാൻ ഇടതു പാർടിയായ പൊഡെമൊസിന്റെയോ പ്രാദേശിക പാർടികളുടെയോ മധ്യ വലതു പാർടികളുടെയോ സഹായം വേണ്ടിവരും.

29 ശതമാനം വോട്ടാണ‌് സോഷ്യലിസ്റ്റ‌് പാർടി നേടിയത‌്. ഒരു ദശാബ്ദത്തിനുശേഷമാണ‌് വലതു പാർടിയായ പോപ്പുലർ പാർടിയെ പിന്നിലാക്കി സോഷ്യലിസ്റ്റുകൾ വിജയം നേടുന്നത‌്. 2018 മേയിൽ അവിശ്വാസപ്രമേയത്തിലൂടെ ഭരണത്തിൽനിന്ന‌് പുറത്താക്കപ്പെട്ട കൺസർവേറ്റിവ‌് പോപ്പുലർ പാർടി തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു.  കഴിഞ്ഞ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ 137 സീറ്റു നേടിയ പിപിക്ക‌് ഇത്തവണ‌ 66 സീറ്റ‌് മാത്രമാണ‌് നേടാനായത‌്.

ഭാവി ജയിക്കുകയും ഭൂതകാലം തോൽക്കുകയും ചെയ‌്തെന്ന‌് പ്രവർത്തകരെ അഭിസംബോധന ചെയ‌്തുകൊണ്ട‌് സാഞ്ചേസ‌് പറഞ്ഞു.  വലതുപക്ഷത്തെ തോൽപ്പിക്കാനാകുമെന്ന‌് യൂറോപ്പിനുമുന്നിലും ലോകത്തിനുമുന്നിലും സ‌്പെയിൻ തെളിയിച്ചെന്ന‌ും അദ്ദേഹം പറഞ്ഞു.
സാൻചെസ‌് സർക്കാർ ഭരണത്തിലേറിയശേഷം കുറഞ്ഞ വേതനം വർധിപ്പിക്കുകയും സ‌്ത്രീകൾക്ക‌് ഭൂരിപക്ഷമുള്ള മന്ത്രിസഭ സ്ഥാപിക്കുകയും പരസ‌്പര സമ്മതമില്ലാത്ത ലൈംഗികബന്ധത്തെ ബലാത്സംഗമായി നിർവ‌ചിക്കുന്ന നിയമം കൊണ്ടുവരുമെന്ന‌് വാഗ‌്ദാനം നൽകുകയും ചെയ‌്തിരുന്നു.

തങ്ങൾ കൂടുതൽ മികച്ച  വിജയമാണ‌് പ്രതീക്ഷിച്ചതെന്ന‌്  ഇടതു പാർടിയായ യുണൈറ്റഡ‌് പൊഡെമൊസിന്റെ ജനറൽ സെക്രട്ടറി പാബ്ലോ ഇഗ്ലേസിയാസ‌് പറഞ്ഞു.   രണ്ട‌് പ്രധാനലക്ഷ്യങ്ങൾ നേടാനായി. വലതിനെയും തീവ്രവലതിനെയും തോൽപ്പിക്കാനായി. രാജ്യം ഇടത‌് സഖ്യ സർക്കാർ രൂപീകരിക്കാനൊരുങ്ങുകയാണ‌്–- 
അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top