04 July Saturday

പോരാടി വീണവരേ, യുവത നിങ്ങളെ തേടുന്നു; ചെമ്പടയുടെ വിജയസ്‌മരണ പുതുക്കി റഷ്യ

വെബ് ഡെസ്‌ക്‌Updated: Sunday May 10, 2020

കോവിഡ് പശ്ചാത്തലത്തില്‍ചടങ്ങുകള്‍ ലളിതമാക്കി

മോസ്‌കോ > ‘ഇത്‌ കത്തിയമരുന്നത്‌ കണ്മുന്നിൽ കാണാം’ ചുവന്ന നക്ഷത്രം ആലേഖനം ചെയ്ത തകർന്ന വിമാനത്തിന്റെ അവശിഷ്‌ടം കൈയിൽ പിടിച്ച്‌ ആൽഫ്രഡ്‌ അബയേവ്‌ പറഞ്ഞു. രണ്ടാം ലോകയുദ്ധത്തിൽ നാസികളുമായുള്ള പോരാട്ടത്തിൽ മരിച്ചുവീണ ചെമ്പടയിലെ അംഗങ്ങളുടെ അവശിഷ്‌ടങ്ങൾ വീണ്ടെടുക്കാൻ എത്തിയതാണ്‌‌ ആൽഫ്രഡും സംഘവും. 

സോവിയറ്റ്‌ യൂണിയൻ പിടിച്ചടക്കാൻ ജർമനി ആദ്യമാക്രമിച്ച കലംകിയ നഗരത്തിലാണ് സംഘം തെരച്ചിൽ നടത്തുന്നത്‌.  ഇതുവരെ 4500 സൈനികരുടെ അവശിഷ്‌ടങ്ങൾ ആൽഫ്രഡും സംഘവും കണ്ടെത്തി‌. ഭൂരിഭാഗവും ചെമ്പടയിലെ അംഗങ്ങളുടേതാണെങ്കിലും ജർമൻ സൈനികരുടെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.
‘യുദ്ധകാലത്ത്‌ മൃതദേഹം അടക്കം ചെയ്യാൻ കഴിയാതിരുന്ന നിരവധി സംഭവങ്ങളുണ്ട്‌. അവർക്കുള്ള ആദരമാണ്‌ ഈ തെരച്ചിൽ’–-ആൽഫഡ്ര്‌ പറഞ്ഞു‌. അസ്‌ട്രാഖാനിൽ തിരച്ചിൽ നടത്തുന്ന സംഘത്തലവൻ അലക്‌സാണ്ടർ ട്രൂബകോവ്‌ രണ്ടുപേരുടെ അവശിഷ്‌ടം തിരിച്ചറിഞ്ഞു. ഒരാളെ ചെമ്പടയുടെ തിരിച്ചറിയൽ കാർഡ്‌ വഴിയും, മറ്റേയാളെ മെഡലിലൂടെയുമാണ്‌ തിരിച്ചറിഞ്ഞത്‌. 

അതേസമയം റഷ്യയിൽ യുദ്ധവിജയത്തിന്റെ 75ാം വാർഷികാഘോഷങ്ങൾ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ ഉദ്‌ഘാടനം ചെയ്തു. വൻ പരിപാടികൾ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ്‌ മൂലം ചെറിയ തോതിലായിരുന്നു ആഘോഷം. പതിവ്‌ സൈനികപ്രകടനങ്ങളുണ്ടായില്ല.‌ 75 യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുമായുള്ള അഭ്യാസപ്രകടനങ്ങൾ മാത്രമാണുണ്ടായത്‌. അതേസമയം ബെലാറൂസിൽ പരേഡുണ്ടായി. യൂറോപ്യൻ രാജ്യങ്ങളിൽ വെള്ളിയാഴ്‌ചയായിരുന്നു ചുരുങ്ങിയ തോതിൽ ആഘോഷം.


പ്രധാന വാർത്തകൾ
 Top