15 September Sunday

ഷെറിൻ വധക്കേസ‌്: രക്ഷിതാവ‌് കുറ്റം സമ്മതിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

ഹൂസ‌്റ്റൺ> അമേരിക്കയിൽ മൂന്നു വയസ്സുകാരിയായ ഷെറിൻ മാത്യൂസിനെ വധിച്ച കേസിൽ മലയാളിയായ രക്ഷിതാവ‌് വെൽസി മാത്യൂസ‌് കുറ്റം സമ്മതിച്ചു. കൈയബദ്ധത്തിൽ കുഞ്ഞിനെ പരിക്കേൽപ്പിക്കുകയായിരുന്നെന്ന‌് മാത്യൂസ‌് സമ്മതിച്ചു. കുറഞ്ഞ‌ ശിക്ഷ ലഭിക്കാനാണ‌് വിസ‌്താരം തുടങ്ങുന്നതിന‌് മുമ്പായി കുറ്റം സമ്മതിച്ചത‌്. ദത്തെടുത്ത കുട്ടിയെ കൊലചെയ‌്ത‌് ശരീരം ഡള്ളാസിലെ കലുങ്കിൽ ഉപേക്ഷിച്ചതാണ‌് കേസ‌്. കൊലപാതക കുറ്റം ചുമത്തിയിരുന്നെങ്കിൽ ഇയാൾക്ക‌് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ ലഭിക്കുമായിരുന്നു. കുറ്റം സമ്മതിച്ചതിനാൽ 30 വർഷം ശിക്ഷ അനുഭവിച്ചശേഷം പരോൾ ലഭിച്ചേക്കും.

മാത്യൂസും ഭാര്യ സിനിയും 2016ൽ ബിഹാറിലെ അനാഥാലയത്തിൽനിന്നാണ‌് കുഞ്ഞിനെ ദത്തെടുത്തത‌്. തെളിവില്ലാത്തതിനാൽ സിനിയെ വെറുതെ വിട്ടിരുന്നു.

2017 ഒക്ടോബർ ഏഴിനാണ‌് ഷെറിനെ കാണാനില്ലെന്ന‌് കാണിച്ച‌് അച്ഛൻ വെൽസി മാത്യൂസ‌് പരാതി നൽകിയത‌്. പാലുകുടിക്കാത്തതിന‌് ശിക്ഷയായി കുട്ടിയെ വീടിന‌് പുറത്തുനിർത്തിയെന്നും അൽപ്പം കഴിഞ്ഞ‌് നോക്കിയപ്പോൾ കാണാനില്ലെന്നുമായിരുന്നു മാത്യൂസ‌് പറഞ്ഞിരുന്നത‌്. രണ്ടാഴ്ചയ‌്ക്കുശേഷം കലുങ്കിനടിയിൽനിന്ന‌് മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ, കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായും എല്ലുകൾ പൊട്ടിയിരുന്നതായും കണ്ടെത്തി. ശരീരത്തിൽ പലയിടത്തായി മുറിപ്പാടുകൾ ഉണ്ടായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.


പ്രധാന വാർത്തകൾ
 Top