18 July Thursday

ഭീകരവാദത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

ബിഷ‌്കെക‌്> എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെയും ഒറ്റക്കെട്ടായി അപലപിച്ച് ഷാങ്ഹായ‌് സഹകരണ ഉച്ചകോടി (എസ‌്സിഒ) . കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ‌്കെകില്‍ സമാപിച്ച ഉച്ചകോടി, ഭീകരവാദത്തെ ചെറുക്കാൻ ആഗോള സഹകരണം ഉറപ്പാക്കണമെന്നും രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും സംയുക്ത പ്രസ‌്താവനയില്‍ പറഞ്ഞു. ഭീകരവാദത്തിന്റെ പേര‌ു പറഞ്ഞ‌് മറ്റ‌് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത‌് ശരിയായ രീതിയെല്ലന്നും എന്നാൽ ഭീകരവാദികളെയും മൗലികവാദികളെയും തങ്ങളുട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും പ്രസ‌്താവനയിലുണ്ട‌്.

ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ അന്താരാഷ്ട്ര സമൂഹത്തിൽനിന്ന‌് കൂട്ടായ പ്രവർത്തനം വേണമെന്ന‌് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ചൈന നയിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയില്‍ ഇന്ത്യയും പാകിസ്ഥാനുമടക്കം എട്ട‌് രാഷ്ട്രമാണുള്ളത്. ഉച്ചകോടിയുടെ ഭാ​ഗമായി മോഡി കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസി‍ഡന്റ് വ്ലാദിമിര്‍ പുടിന്‍, അഫ്​ഗാനിസ്ഥാന്‍ പ്രസി‍ഡന്റ് അഷ്റഫ് ഘാനി തുടങ്ങിയവരുമായി മോഡി ഉഭയകക്ഷി ചര്‍ച്ച നടത്തി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉച്ചകോടിയില്‍ പങ്കെടുത്തെങ്കിലും മോഡി–---  ഇമ്രാന്‍ ഔപചാരിക ചര്‍ച്ച ഉണ്ടായില്ല. പാക് വ്യോമപാത ഉപയോ​ഗിക്കാതെ ഇറാൻ വഴിയാണ് മോഡി കിര്‍​ഗിസ്ഥാനിലെത്തിയത്. പാകിസ്ഥാന്റെ പേരെടുത്തുപറയാതെ മോഡി ഉച്ചകോടിയില്‍ പാകിസ്ഥാന്‍ നിലപാടിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുമായി മധ്യസ്ഥ ചര്‍ച്ചയ‌്ക്ക് തയ്യാറാണെന്ന് ഇമ്രാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


പ്രധാന വാർത്തകൾ
 Top