Deshabhimani

രണ്ടു വർഷത്തിനിടെ കൊലപ്പെടുത്തിയത്‌ ഭാര്യയുൾപ്പെടെ 42 പേരെ; കെനിയയെ ഞെട്ടിച്ച കൊലപാതക പരമ്പര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 04:24 PM | 0 min read

നെയ്റോബി > കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തുള്ള മാലിന്യക്കൂമ്പാരത്തില്‍നിന്നും ഒമ്പത്‌ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നുദിവസങ്ങൾക്കുശേഷം സമീപത്തുള്ള ബാറിൽ നിന്നും യൂറോകപ്പ്‌ കണ്ടുകൊണ്ടിരിക്കുന്ന കോളിൻസ് ജുമൈസി ഖലുഷയെന്ന യുവാവിനെ പൊലീസ്‌ അറസ്റ്റുചെയ്തു. ഇയാളിൽ നിന്ന്‌ പൊലീസിനു ലഭിച്ചത്‌ നിരവധി കൊലപാതകങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌. തന്റെ ഭാര്യയെ ഉൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയതായി കോളിൻസ്‌ പൊലീസിനുമുന്നിൽ കുറ്റസമ്മതം നടത്തി. 33 കാരനായ കോളിൻസ് 2022 മുതൽ 2024 ജൂലൈ വരെയാണ്‌ ഈ കൊലപാതകങ്ങൾ നടത്തിയത്‌.

നെയ്റോബിയിലെ മുകുറു ക്വാ എൻജെംഗ പൊലീസ് സ്റ്റേഷനു 100 മീറ്റർ മാത്രം അകലെയുള്ള  മാലിന്യ കൂമ്പാരത്തിൽനിന്നാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച  മൃതദേഹങ്ങൾ കണ്ടെടുത്തത്. കോളിൻസ് കൊലപ്പെടുത്തിയ ജോസഫിൻ ഒവിനോ എന്ന യുവതിയുടെ ബന്ധുക്കളിലൊരാൾ മൃതദേഹം കിടക്കുന്ന സ്ഥലം  സ്വപ്നം കാണുകയും അയാളുടെ നിർദേശപ്രകാരം മാലിന്യത്തിൽ നാട്ടുകാരും ബന്ധുക്കളും പരിശോധന നടത്തുകയുമായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഈ തിരച്ചിലിലാണ്‌ നൈലോൺ ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച രീതിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്‌. വ്യത്യസ്ത കാലഘട്ടങ്ങളിലായി മരണപ്പെട്ട 18 നും 33 നും ഇടയിൽ പ്രായമുള്ള യുവതികളുടെ മൃതദേഹങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്‌. ഇത്‌ രണ്ടു വർഷത്തിനിടെ നടത്തിയ കൊലപാതകങ്ങളാകാം എന്നാണ് പൊലീസിന്റെ നിഗമനം.

കൺമുന്നിൽ ഇത്തരമൊരു സംഭവം നടന്നിട്ടും അറിയാത്തതിനെതുടർന്ന്‌ പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം ഉയരുകയും മുകുറു ക്വാ എൻജെംഗ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ കൊലപാതകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എപ്പോഴാണ്‌ മൃതദേഹങ്ങൾ ഇവിടെ ഉപേക്ഷിച്ചതെന്നോ മറ്റ് മ‍ൃതദേഹങ്ങൾ എവിടെയാണെന്നോ കണ്ടെത്തിയിട്ടില്ല. ഒമ്പതു മൃതദേഹങ്ങളിൽ ഒരാളെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. ജൂൺ 28 നു കാണാതായതായ റോസ്‌ലിൻ ഒൻഗോഗോയുടെ (22)യുടെ മൃതദേഹമാണ്‌ മാതാപിതാക്കൾ തിരിച്ചറിഞ്ഞത്‌.

ഭാര്യയുടെ കൊലപാതകത്തിലൂടെയാണ്‌ കോളിൻസ് ജുമൈസി ഖലുഷയുടെ  കൊലപാതക പരമ്പര ആരംഭിക്കുന്നത്. മൃതദേഹങ്ങൾക്കിടയിൽനിന്നു കോളിൻസിന്റെ  ഭാര്യയുടെ തിരിച്ചറിയൽ കാർഡ്‌ പൊലീസിനു ലഭിച്ചിരുന്നു. പിന്നീട്‌ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ്‌ അറിയിച്ചു. മനുഷ്യ ജീവിതത്തോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു സൈക്കോ സീരിയൽ കില്ലറെയാണ്‌ ഞങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന്‌ സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് മേധാവി അമിൻ മുഹമ്മദ് പറഞ്ഞു. കോളിൻസിന്റെ വീട്ടിൽ നിന്ന്, നിരവധി മൊബൈൽ ഫോണുകൾ, തിരിച്ചറിയൽ കാർഡുകൾ, ഇരകളെ വെട്ടാൻ ഉപയോഗിച്ചതായി കരുതുന്ന വെട്ടുകത്തി,  റബ്ബർ കയ്യുറകൾ, സെല്ലോടേപ്പ് റോളുകൾ, നൈലോൺ ചാക്കുകൾ എന്നിവയും കണ്ടെത്തി.

യുഎൻ റിപ്പോർട്ട് പ്രകാരം 2022-ൽ കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് 725 സ്ത്രീഹത്യകളാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. 2015- മുതലുള്ള വിവരങ്ങളനുസരിച്ച്‌ ഏറ്റവും ഉയർന്ന കണക്കാണിത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home