14 October Monday

സെബി മേധാവിക്ക് അദാനിയുടെ നിഴല്‍ കമ്പനിയുമായി ബന്ധം; ഹിന്‍ഡന്‍ബര്‍​ഗ് റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

വാഷിങ്ടണ്‍ > ഓഹരിവിപണിയിലെ പരമോന്നത നിയന്ത്രണ ഏജന്‍സിയായ സെബിയുടെ ചെയര്‍പേഴ്സണ്‍ മാധബി പുരിക്കും ഭര്‍ത്താവിനും അദാനി ​ഗ്രൂപ്പിന്റെ നിഴല്‍ കമ്പനികളില്‍ പങ്കുണ്ടെന്ന അതീവ ​ഗൗരവമായ വെളിപ്പെടുത്തലുമായി അമേരിക്കൻ നിക്ഷേപ ​ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍​ഗ്. അദാനി​ഗ്രൂപ്പ് ഓഹരിമൂല്യം പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന് ഒന്നരവര്‍ഷം മുമ്പ് ഹിന്‍‍ഡന്‍ബര്‍​ഗ് വെളിപ്പെടുത്തിയത് വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാൽ സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇക്കാര്യം അന്വേഷിച്ച സെബി അദാനി ഗ്രൂപ്പിന്‌ ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

അദാനി ​ഗ്രൂപ്പ് ചെയര്‍മാന്‍ ​ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്‍മുഡയിലെയും മൗറീഷ്യസിലെയും നി​ഗൂഢമായ നിഴല്‍കമ്പനികളില്‍ മാധബി പുരിയ്ക്കും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും  ദുരൂഹമായ പങ്കാളിത്തമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍​ഗിന്റെ പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ഈ സ്ഥാപനങ്ങളുമായി ബന്ധമുള്ള വ്യക്തി പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ.

ഓഹരി നിക്ഷേപകരെ കബളിപ്പിച്ച അദാനി ​ഗ്രൂപ്പിനെതിരെ സെബി ​ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് ഇത്തരം ബന്ധമുള്ളതുകൊണ്ടാണെന്നും റിപ്പോര്‍ട്ടിൽ ആരോപിക്കുന്നു. അദാനി​ ഗ്രൂപ്പിലേക്ക് വിദേശത്തുനിന്ന് പണമിറക്കാന്‍ വിനോദ് അദാനി മൗറീഷ്യസ് ആസ്ഥാനമായ ഐപിഇ പ്ലസ് ഫണ്ട് എന്ന ദുരൂഹ സാമ്പത്തിക സ്രോതസ്സിനെയാണ് ആശ്രയിച്ചിരുന്നത്. 2015 ജൂണ്‍ മുതല്‍ മാധബി പുരിയ്ക്കും ഭര്‍ത്താവിനും ഐപിഇ പ്ലസ് ഫണ്ടില്‍ രഹസ്യ നിക്ഷേപമുണ്ട്.

2023 ജനുവരിയിലാണ്  ഹിൻഡൻബര്‍​ഗ് അദാനിക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പിന്നാലെ അദാനി ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. സുപ്രീംകോടതി നിര്‍ദേശപ്രകാരം സെബി അദാനി​ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തിയെങ്കിലും ക്ലീൻ ചിറ്റ് നൽകി. അദാനിക്ക് വിദേശത്തുനിന്ന് പണമെത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ സെബി തുനിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ശരിയായ അന്വേഷണം നടത്തിയാല്‍ സെബി ചെയര്‍പേഴ്സൺ തന്നെ കുടുങ്ങുമെന്നും അതുകൊണ്ടാണ് അദാനിക്ക് ക്ലീന്‍ചിറ്റ് കിട്ടിയതെന്നും ഹിൻഡൻബര്‍​ഗ് പുതിയ റിപ്പോര്‍ട്ടിൽ പറയുന്നു.

അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന റിപ്പോർട്ടിനെതിരെ ഹിൻഡൻബർഗിന് സെബി 2024 ജൂലൈയിൽ കാരണംകാണിക്കൽ നോട്ടീസയച്ചു. സെബിയുടേത് ശുദ്ധ വിഡ്ഢിത്തമാണെന്നാണ്‌ അന്ന് ഹിൻഡൻബർഗ്‌ പ്രതികരിച്ചത്‌. തൊട്ടുപിന്നാലെയാണ് സെബിയെ കുരുക്കുന്ന വെളിപ്പെടുത്തൽ ഹിൻഡൻബര്‍​ഗ് പുറത്തുവിട്ടത്.സെബിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും പ്രായംകുറഞ്ഞ വ്യക്തിയുമാണ് മാധബി പുരി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top