13 November Wednesday

സൗദിയില്‍ വനിതകളെയും സൈന്യത്തിലെടുക്കുന്നു

അനസ് യാസിന്‍Updated: Thursday Oct 3, 2019

മനാമ >  സൈന്യത്തില്‍ ചേരാന്‍ സൗദി വനിതകള്‍ക്കും അനുമതി നല്‍കുന്നു. ആദ്യമായാണ് സൗദി സൈന്യത്തില്‍ വനിതകള്‍ സൈനികരായെത്തുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് തീരുമാനം.

കര, നാവിക, വ്യോമ പ്രതിരോധ, മിസൈല്‍ സേനകളിലും സൈനിക മെഡിക്കല്‍ മേഖലയിലും സ്വകാര്യ സൈനികന്‍ മുതല്‍ സര്‍ജന്റ്‌വരെയുള്ള തസ്‌തികകളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിന് സൗദി പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയതായി പ്രമുഖ അറബ് പത്രമായ ശര്‍ഖുല്‍ ഔസത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മേഖലിയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം ശരിയായ ദിശയിലുള്ള ഒരു  സുപ്രധാന പടിയായായാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് വിരുദ്ധ പോരാട്ടം, ജയിലുകള്‍, കുറ്റാന്വേഷണം എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ സേവനങ്ങളില്‍ ജോലിക്ക് ചേരാന്‍ സൗദി സ്ത്രീകളെ അനുവദിച്ചിരുന്നു.

സ്ത്രീകള്‍ക്കായി അഭൂതപൂര്‍വമായ സാമൂഹ്യ, സാമ്പത്തിക പരിഷ്‌കാരങ്ങളാണ് സമീപ വര്‍ഷങ്ങളില്‍ സൗദി കൈകൊണ്ടത്. പതിറ്റാണ്ടുകള്‍ നീണ്ട നിരോധാനം പിന്‍വലിച്ച് കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുകയും കാര്‍ ഓടിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. കഴിഞ്ഞ ആഗസ്തില്‍ പിതാവിന്റെയോ ഭര്‍ത്താവിന്റെയോ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും അനുമതി നല്‍കിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top