17 June Monday

സൗദി രാജകുമാരൻ ഇന്ന‌് പാകിസ്ഥാനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

റിയാദ‌് > സൗദി കിരീടാവകാശി മുഹമ്മദ‌് ബിൻ സൽമാൻ രാജകുമാരൻ ഞായറാഴ‌്ച പാകിസ്ഥാനിലെത്തും. കശ‌്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാൻ പ്രതിക്കൂട്ടിൽനിൽക്കുന്ന സാഹചര്യത്തിലാണ‌് ഇന്ത്യയുമായി അടുത്ത ബന്ധമുള്ള സൗദി രാജകുമാരന്റെ പാകിസ്ഥാൻ സന്ദർശനം. അഫ‌്ഗാനിസ്ഥാനിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ‌് സന്ദർശനം. അഫ‌്ഗാനിലെ താലിബാൻ പ്രതിനിധികളുമായി സൽമാൻ രാജകുമാരൻ തിങ്കളാഴ‌്ച കൂടിക്കാഴ‌്ച നടത്തും.

അഫ‌്ഗാനിസ്ഥാനിൽനിന്ന‌് നാറ്റോ സൈന്യത്തെ പൂർണമായും പിൻവലിക്കുമെന്ന‌് അമേരിക്ക പ്രഖ്യാപിച്ചതോടെ പാകിസ്ഥാൻ അഫ‌്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങൾക്ക‌് മുൻകൈ എടുത്തുവരികയാണ‌്. ഇസ്ലാമാബാദിൽ നടക്കുന്ന കൂടിക്കാഴ‌്ചയിൽ അമേരിക്കൻ ഉദ്യോഗസ്ഥരും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൽമാനൊപ്പം പങ്കെടുക്കുമെന്ന‌് പാകിസ്ഥാൻ അറിയിച്ചു.അതേസമയം, തങ്ങൾ കൂടിക്കാഴ‌്ചയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന‌് ഖത്തറിലെ താലിബാൻ വൃത്തങ്ങൾ അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top