20 October Tuesday

അഴിമതി: സഖ്യ സേനാ കമാന്‍ഡറെയും ഡെപ്യൂട്ടി ഗവര്‍ണറെയും സൗദി രാജാവ് നീക്കി

അനസ് യാസിന്‍Updated: Tuesday Sep 1, 2020

റിയാദ്‌>  അഴിമതി ആരോപണത്തെ തുടര്‍ന്ന് സംയുക്ത സേനാ കമാന്‍ഡറെയും അല്‍ ജൗഫ് മേഖലാ ഡെപ്യട്ടി ഗവര്‍ണറെയും സ്ഥാനത്തു നിന്നും നീക്കി. ഭരണാധികാരി സല്‍മാന്‍ രാജാവാണ് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റ് നാല് സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇവര്‍ക്കെതിരെയും ആന്വേഷണത്തിനു രാജാവ്‌ നിര്‍ദേശിച്ചു.

യെമനില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയുടെ കമാന്‍ഡര്‍ പ്രിന്‍സ് ഫഹദ്‌ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ പുറത്താക്കിയതായും അദ്ദേഹത്തിന്റെ മകനും ഡെപ്യൂട്ടി ഗവര്‍ണറുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ ഫഹദിനെ സ്ഥാനത്ത് നിന്ന് നീക്കിയതായും രാജകീയ ഉത്തരവില്‍ പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തില്‍ കണ്ടെത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ദേശീയ അഴിമതി വിരുദ്ധ അതോറിറ്റിക്ക് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബന്ധപ്പെട്ട സൈനികര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും കണ്ടെത്തലുകള്‍ രാജാവിന്‌ സമര്‍പ്പിക്കാനും അഴിമതി വിരുദ്ധ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

അറബ് സഖ്യ സേനയുടെ കമാന്‍ഡറാകുന്നതിന് മുമ്പ് ഫഹദ് രാജകുമാരന്‍ സൗദി കരസേന, പാരാട്രൂപ്പര്‍ യൂണിറ്റുകള്‍, പ്രത്യേക സേന എന്നിവയുടെ കമാന്‍ഡറായിരുന്നു. ഇദ്ദേഹത്തിനു പകരമായി ലെഫ്‌റ്റനന്റ് ജനറല്‍ മുത്‌ലക് ബിന്‍ സേലം ബിന്‍ മുത്‌ലക് അല്‍ അസിമയെ നിയമിക്കാന്‍ കിരീടവകാശിയെ ചുമതലപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top