16 January Saturday

സൗദി എണ്ണസംഭരണിയിൽ ഹൂതി മിസൈൽ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020


റിയാദ്‌/ദുബായ്‌
ചെങ്കടൽ തീരത്തെ സൗദി അറേബ്യൻ തുറമുഖനഗരമായ ജിദ്ദയിൽ സൗദി എണ്ണ ഭീമനായ അരാംകോയുടെ സംഭരണിയിൽ തിങ്കളാഴ്‌ച പുലർച്ചെ ക്രൂസ്‌ മിസൈൽ ആക്രമണം നടത്തിയതായി യമനിലെ ഹൂതി സേന അറിയിച്ചു. ആക്രമണത്തിന്‌ ശേഷമുള്ള ചിത്രങ്ങളും ഹൂതികൾ ഓൺലൈനായി പുറത്തുവിട്ടെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും സൗദിയോ അരാംകോയോ പ്രതികരിച്ചിട്ടില്ല. സൽമാൻ രാജാവ്‌ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി സമാപിച്ച്‌ മണിക്കൂറുകൾക്കകമുണ്ടായ ആക്രമണം സൗദി‌ക്ക്‌ അപമാനമായി. കഴിഞ്ഞവർഷവും ഹൂതികൾ സൗദിയിലെ അരാംകോ സംവിധാനങ്ങളിൽ ആക്രമണം നടത്തി കനത്ത നാശമുണ്ടാക്കിയിരുന്നു.

ഇറാനെതിരെ മേഖലയിലെ സുന്നി രാജഭരണകൂടങ്ങളെയും ഇസ്രയേലിനെയും ഒന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തീവ്രമാക്കിയ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ ഞായറാഴ്‌ച സൗദിയിലുണ്ടായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാനുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഞായറാഴ്‌ച സൗദി നഗരമായ നിയോമിൽ രഹസ്യ സന്ദർശനം നടത്തിയതായി റിപ്പോർട്ടുണ്ട്‌. പോംപിയോയും നെതന്യാഹുവും കിരീടാവകാശിയുമായി കൂടിക്കാഴ്‌ച നടത്തി മടങ്ങിയതിന്‌ പിന്നാലെയാണ്‌ പുതിയ ആക്രമണമുണ്ടായത്‌.

യമനിൽ സൗദി നടത്തുന്ന അതിക്രമങ്ങൾക്ക്‌ തിരിച്ചടിയായാണ്‌ ആക്രമണം നടത്തിയതെന്ന്‌ ഹൂതി സേനാ വക്താവ്‌ ബ്രിഗേഡിയർ ജനറൽ യഹ്യാ സരീ പറഞ്ഞു. വടക്കൻ ജിദ്ദയിൽ അരാംകോയുടെ എണ്ണസംഭരണികളുള്ള ബൾക്‌ നിലയത്തിന്റെ ചിത്രവും യഹ്യാ പോസ്‌റ്റ്‌ ചെയ്‌തു. ജിദ്ദയിലെ കിങ്‌ അബ്ദുൽഅസീസ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്താണ്‌ ഇത്‌. ആക്രമണം തുടരുമെന്നും സൗദിയിലെ വിദേശ കമ്പനികളും താമസക്കാരും കരുതിയിരിക്കണമെന്നും ഹൂതി വക്താവ്‌ അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്‌ തലസ്ഥാനമായ സനായടക്കം യമന്റെ ഏറിയ ഭാഗവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top