24 July Saturday

ഹജിന് പ്രവേശനം സൗദിക്കകത്തുള്ളവര്‍ക്ക് മാത്രം

അനസ് യാസിന്‍Updated: Saturday Jun 12, 2021

മനാമ > കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷവും ഹജിന് അവസരം സൗദിക്കകത്തുള്ളവര്‍ക്ക് മാത്രം. വിദേശ രാജ്യങ്ങളില്‍ നിന്ന് തീര്‍ഥാടകരെ അനുവദിക്കില്ല. സ്വദേശികളും സൗദിയില്‍ കഴിയുന്ന വിദേശികളുമായ 60,000 പേര്‍ക്കാണ് ഹജ് നിര്‍വഹിക്കാനാകുകയെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

18 നും 65നും ഇടയില്‍ പ്രായമുള്ള രണ്ടു ഡോസ് വാക്സിന്‍സ്വീകരിച്ചവര്‍, 14 ദിവസം മുന്‍പ് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, വാക്സിന്‍ എടുക്കുകയും കോവിഡ് രോഗമുക്തരാകുകയും ചെയ്തവര്‍ എന്നിവര്‍ക്ക് ഹജിന് രജിസ്റ്റര്‍ ചെയ്യാം.

കോവിഡ് മഹാമാരിയുടെയും പുതിയ വകഭേദങ്ങളുടെയും പാശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ സുരക്ഷ, ആരോഗ്യം എന്നിവ മുന്‍നിര്‍ത്തിയാണ് ഹജ് തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതെന്നും മന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സൗദി ഹജ് രാജ്യത്തുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്.  കഴിഞ്ഞ വര്‍ഷം 10,000 തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു ഹജിന് അനുമതി. 2019ല്‍ 25 ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജില്‍ പങ്കെടുത്തത്. ഇതില്‍ 18 ലക്ഷത്തോളം വിദേശ തീര്‍ഥാടകരായിരുന്നു. ജൂലായ് മധ്യത്തിലാണ് ഈ വര്‍ഷത്തെ ഹജ് കര്‍മ്മം. 

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ മാസങ്ങളോളം സൗദി അതിര്‍ത്തികള്‍ അടച്ചിരുന്നു. ഡെല്‍റ്റ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യക്കാര്‍ക്ക് ഇപ്പോഴും സൗദിയിലേക്ക് നേരിട്ട് പ്രവേശനമില്ല.

ഇതുവരെ 4.63 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4.46 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 7537 പേര്‍ മരിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1.54 കോടി ഡോസ് വാക്സിന്‍ കുത്തിവെച്ചു. ജനസംഖ്യയുടെ പകുതയോളം വരുമിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top