19 September Thursday

സൗദിയില്‍ വിദേശി അക്കൗണ്ടന്റുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നിർബന്ധം; ഈ മേഖലയും സൗദിവൽക്കരണത്തിന്‌

അനസ് യാസിന്‍Updated: Friday Aug 2, 2019

മനാമ>  സൗദിയില്‍ വിദേശികളായ അക്കൗണ്ടന്റുമാര്‍ക്ക് പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ആഗസ്ത് 31 മുതല്‍ പുതിയ വര്‍ക് പെര്‍മിറ്റിനും വര്‍ക് പെര്‍മിറ്റ് പുതുക്കാനും തസ്തിക മാറ്റത്തിനും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സിന്റെ രജിസ്‌ഷ്രേനും അക്രഡിറ്റേഷനും ഇല്ലാത്തവര്‍ക്ക് ഈ സേവനങ്ങള്‍ ലഭിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

അക്കൗണ്ടിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം വര്‍ധിപ്പിക്കാനും വ്യാജന്‍മാരെ തടയാനും ലക്ഷ്യമിട്ടാണ് നടപടി. ജീവനക്കാരുടെ ശേഷിയും ഗുണമേന്മയും ഉയര്‍ത്തുന്നതിനും പുതിയ തീരുമാനം സഹായിക്കും. ഈ മേഖലയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് മാതൃകയില്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ജൂലായ് 12ന് മന്ത്രാലയം തീരുമാനിച്ചിരുന്നു. സ്വകാര്യ മേഖലയിലെ 20,000 അക്കൗണ്ടിംഗ് തസ്തികകള്‍ 2022 അവസാനത്തോടെ സൗദിവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി തൊഴില്‍ മന്ത്രാലയം മാര്‍ച്ചില്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അക്കൗണ്ടന്റുമാരായി ജോലി ചെയ്യുന്നവരെയും ജോലിക്ക്  ശ്രമിക്കുന്നവരെയും കണ്ടെത്താനും ഈ മേഖലയിലെ വിദേശികളുടെ കൃത്യമായ എണ്ണം ലഭ്യമാക്കാനും രജിസ്ട്രേഷന്‍ സഹായിക്കുമെന്ന് മന്ത്രാലയം കണക്കു കൂട്ടുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top