19 September Saturday

വാക്‌സിൻ ‘മത്സര’ത്തിൽ വിജയമെന്ന്‌ റഷ്യ ;റഷ്യൻ വാക്‌സിനായി ലോകരാജ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

മോസ്‌കോ>  കോവിഡിന്‌ പ്രതിരോധമരുന്ന്‌ കണ്ടുപിടിക്കാൻ ലോകമെങ്ങും നടക്കുന്ന ‘മത്സര’ത്തിൽ വിജയം തങ്ങൾക്കെന്ന്‌ റഷ്യ. കോവിഡ്‌ തടയാൻ റഷ്യ വികസിപ്പിച്ച വാക്‌സിൻ അംഗീകരിച്ച്‌ രജിസ്‌റ്റർ ചെയ്‌തതായി പ്രസിഡന്റ്‌ വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചു. മന്ത്രിമാരുമായി നടത്തിയ വീഡിയോ കോളിൽ നടത്തിയ പ്രഖ്യാപനം ടെലിവിഷൻ ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്‌തു. തന്റെ രണ്ട്‌ പെൺമക്കളിൽ ഒരാളും വാക്‌സിൻ പരീക്ഷണത്തിന്റെ ഭാഗമായി രണ്ട്‌ കുത്തിവയ്‌പെടുത്തതായി പുടിൻ വെളിപ്പെടുത്തി.

ഏഴര മാസത്തിനിടെ കോവിഡ്‌ മഹാമാരി ലോകത്ത്‌ ഏഴര ലക്ഷത്തോളം പേരുടെ ജീവനപഹരിച്ചുകഴിഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം രണ്ട്‌ കോടി കവിഞ്ഞതിന്‌ പിന്നാലെയാണ്‌ വാക്‌സിൻ പരീക്ഷണത്തിൽ പുടിൻ റഷ്യയുടെ മികവ്‌ പ്രഖ്യാപിച്ചത്‌. റഷ്യയിൽ ഒമ്പത്‌ ലക്ഷത്തോളമാളുകൾക്കാണ്‌ കോവിഡ്‌ ബാധിച്ചത്‌. മരണസംഖ്യ 15000 കടന്നു.

ബഹിരാകാശത്ത്‌ ആദ്യം സോവ്യറ്റ്‌ യൂണിയന്റെ വിജയപതാക പാറിച്ച സ്‌പുട്‌നിക്കിന്റെ സ്‌മരണയുണർത്തി ‘സ്‌പുട്‌നിക്‌ 5’ എന്ന്‌ വിശേഷിപ്പിച്ച വാക്‌സിൻ കോവിഡിനെതിരെ ദീർഘകാല പ്രതിരോധശേഷി നൽകുന്നതായി റഷ്യൻ അധികൃതർ പറഞ്ഞു. വാക്‌സിൻ പരീക്ഷണത്തിൽ റഷ്യ മറ്റൊരു സ്‌പുട്‌നിക്‌ അത്ഭുതം സൃഷ്‌ടിക്കുമെന്ന്‌ ആഴ്ച‌കൾക്കു‌മുമ്പേ അവർ പറഞ്ഞിരുന്നു. തുടർന്ന്‌ റഷ്യ തങ്ങളുടെ പരീക്ഷണരഹസ്യങ്ങൾ ചോർത്തുന്നതായി അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും ആരോപിച്ചിരുന്നു.

റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഗമാലെയ ഗവേഷണ കേന്ദ്രം പ്രതിരോധ മന്ത്രാലയവും മറ്റ്‌ ചില സർക്കാർ വകുപ്പുകളുമായി ചേർന്നാണ്‌ വാക്‌സിൻ വികസിപ്പിച്ചത്‌. റഷ്യൻ പ്രത്യക്ഷ നിക്ഷേപ നിധിയാണ്‌(ആർഡിഐഎഫ്‌) പണം മുടക്കിയത്‌. ജൂൺ 18ന്‌‌ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു‌. മൂന്നാം ഘട്ട പരീക്ഷണം ബുധനാഴ്‌ച ആരംഭിക്കും. സെപ്‌തംബറിൽ ഉൽപ്പാദനം ആരംഭിക്കുമെന്ന്‌ ആർഡിഐഎഫ്‌ തലവൻ കിറിൽ ദിമിത്രിയേവ്‌ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കും അധ്യാപകർക്കും രോഗസാധ്യതയുള്ള മറ്റുള്ളവർക്കുമായിരിക്കും ആദ്യം വാക്‌സിൻ നൽകുക.


 

ഇനിയും കടമ്പകൾ : ഡബ്ല്യുഎച്ച്‌ഒ
റഷ്യയുടെ കോവിഡ്‌ വാക്‌സിന്‌ ലോകത്തിന്റെ അംഗീകാരം ലഭിക്കാൻ ഇനിയും കടമ്പകൾ. കർക്കശമായ സുരക്ഷാ വിവര അവലോകനത്തിന്‌ ശേഷമേ ഒരുവാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കൂ എന്ന്‌ ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച്‌ റഷ്യൻ ആരോഗ്യ അധികൃതരുമായി സമ്പർക്കം പുലർത്തുന്നതായും ഡബ്ല്യുഎച്ച്‌ഒ വക്താവ്‌ താരിക്‌ യാസറേവിച്ച്‌ പറഞ്ഞു.

പരീക്ഷണത്തിന്റെ എല്ലാ ഘട്ടത്തിലും വ്യവസ്ഥാപിത മാർഗനിർദേശങ്ങൾ പാലിക്കണമെന്ന്‌ കഴിഞ്ഞ ആഴ്‌ച റഷ്യയോട്‌ നിർദേശിച്ചിരുന്നതായി മറ്റൊരു വക്‌താവ്‌ ക്രിസ്‌ത്യൻ ലിൻഡ്‌മീയർ പറഞ്ഞു.

ദുർബലമാക്കിയ വൈറസുകളെ ഉപയോഗിച്ച്‌ മനുഷ്യ കോശങ്ങളിൽ ഡിഎൻഎ എത്തിക്കുന്ന ‘വൈറൽ വെക്‌ടർ’ വാക്‌സിനാണ്‌ റഷ്യ വികസിപ്പിച്ചിട്ടുള്ളത്‌. വൈറസിലുള്ള ഡിഎൻഎയിൽ അടങ്ങിയിട്ടുള്ള ആന്റിജൻ രോഗാണുബാധിതമായ കോശങ്ങളിൽ പ്രവർത്തിച്ച്‌ പ്രതിരോധശേഷിയുണ്ടാക്കും.

റഷ്യൻ വാക്‌സിനായി ലോകരാജ്യങ്ങൾ
റഷ്യയുടെ കോവിഡ്‌ വാക്‌സിനായി ലോകരാജ്യങ്ങൾ. സെപ്‌തംബറിൽ ഉൽപാദനം ആരംഭിക്കുന്ന ‘സ്‌പുട്‌നിക്‌ വി’ വാങ്ങാൻ ഇരുപതോളം രാജ്യങ്ങൾ കരാറിൽ ഒപ്പുവച്ചതായി റഷ്യൻ പ്രത്യക്ഷ നിക്ഷേപ നിധി മേധാവി കിറിൽ ദിമിത്രിയേവ്‌ പറഞ്ഞു.

100 കോടി വാക്‌സിന്‌ ഇതിനോടകം അപേക്ഷ ലഭിച്ചിട്ടുണ്ട്‌. അഞ്ചു രാജ്യങ്ങളായി ഓരോ വർഷം 50 കോടി വാക്‌സിൻ നിർമിക്കും‌. റഷ്യയുടെ വാക്‌സിനെതിരെ സംഘടിത മാധ്യമ ആക്രമണങ്ങളുണ്ടെന്നും കിരിൽ പറഞ്ഞു.

വാക്‌സിൻ നിർമിക്കാനും വിതരണം നടത്താനും റഷ്യയുമായി ബുധനാഴ്ച  കരാറിൽ ഒപ്പുവയ്‌ക്കുമെന്ന്‌ ബ്രസീലിലെ പരാന സംസ്ഥാനം അറിയിച്ചു. സെർബിയൻ പ്രസിഡന്റ്‌ അലക്‌സാണ്ടർ വൂസിയും ഫിലിപ്പീൻസ്‌ പ്രസിഡന്റ്‌ റോഡ്രിഗോ ദുത്തേർത്തോയും വാക്‌സിനിൽ താൽപ്പര്യം പ്രകടിപ്പിച്ചു.  പരീക്ഷണത്തിന്‌ വിധേയരാവാൻ തയ്യാറാണെന്ന്‌ ഇരുവരും പറഞ്ഞു.

ഉസ്‌ബെക്കിസ്ഥാനും  റഷ്യൻ വാക്‌‌സിൻ പരീക്ഷിക്കാൻ സന്നദ്ധമാണ്‌‌. ഇസ്രയേൽ ആരോഗ്യമന്ത്രി യൂലി എഡേൽസ്‌റ്റെയിനും വാക്‌സിൻ ലഭിക്കാൻ റഷ്യയുമായി ചർച്ച നടത്തുമെന്ന്‌ അറിയിച്ചു. അർജന്റീനയുടെ വിദേശകാര്യ മന്ത്രാലയവും പലസ്‌തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസും സ്‌പുട്‌നിക്‌ വാക്സിനിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top