കീവ്> ഉക്രയ്നെ യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കുന്നതില്‍ ആഴ്ചകള്‍ക്കുള്ളില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന് കമീഷന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. കീവ്, ബുച്ച മേഖല സന്ദര്‍ശിച്ച് ഉക്രയ്ന് പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്. ബുച്ച കൂട്ടക്കൊല റഷ്യന്‍ സൈന്യത്തിന്റെ ക്രൂരമുഖം വെളിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. ഉക്രയ്ന് കൂടുതല്‍ ധനസഹായവും പ്രഖ്യാപിച്ചു.
ഏതെങ്കിലും രാജ്യത്തിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കുന്നത് വര്‍ഷങ്ങള്‍ നീണ്ട നടപടികളിലൂടെയാണ്. എന്നാല്‍, ഉക്രയ്ന് വേണ്ടി നടപടിക്രമങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് ഉര്‍സുല അറിയിച്ചത്. യൂറോപ്പ് റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നും ഇയുവില്‍ ഉക്രയ്ന് പൂര്‍ണ അംഗത്വം നല്‍കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. ഉക്രയ്നില്‍ സാധാരണക്കാരെ കൂട്ടക്കൊല ചെയ്തെന്ന ആരോപണം റഷ്യ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
നാറ്റോ അംഗത്വമെന്ന ഉക്രയ്ന്റെ ആവശ്യം ഏറെക്കുറെ അസാധ്യമായെങ്കിലും ഇയു അംഗത്വം നല്‍കുന്നത് റഷ്യയെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന നീക്കമാണ്. റഷ്യക്കെതിരെ പ്രത്യക്ഷ നീക്കം നടത്താനുള്ള യൂറോപ്യന്‍ യൂണിയന് നേതൃത്വത്തിന്റെ നടപടിയില്‍ ഇയുവിന് ഉള്ളില്‍ത്തന്നെ എതിര്ശബ്ദങ്ങളുണ്ട്. റഷ്യന്‍ ക്രൂഡ് വെട്ടിക്കുറയ്ക്കാനുള്ള നീക്കം യൂറോപ്പില്‍ വന്‍ വിലക്കയറ്റമുണ്ടാക്കുമെന്ന ആശങ്ക ശക്തം. റഷ്യയില്‍നിന്ന് എണ്ണയും കല്‍ക്കരിയും ഇറക്കുമതി ചെയ്യുന്നത് 2024 പകുതിയോടെ നിര്‍ത്തലാക്കുമെന്ന് ജര്‍മന്‍ ഊര്‍ജ മന്ത്രി റോബര്‍ട്ട് ഹാബെക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..