24 October Thursday

കിഴക്കൻ മേഖലയുടെ വികസനം: ഇന്ത്യ റഷ്യക്ക്‌ 100 കോടി ഡോളർ വായ്‌പാപരിധി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

വ്ലാഡിവോസ്‌റ്റോക്‌
റഷ്യയുടെ വിദൂര പൗരസ്‌ത്യമേഖലയുടെ വികസനത്തിന്‌ ഇന്ത്യ 100 കോടി ഡോളറിന്റെ വായ്‌പാപരിധി പ്രഖ്യാപിച്ചു. വിഭവ സമൃദ്ധമായ മേഖലയുടെ വികസനത്തിന്‌ ഇന്ത്യ റഷ്യയുടെ തൊളോടുതോൾ ചേർന്ന്‌ പ്രവർത്തിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അഞ്ചാമത്‌ പൗരസ്‌ത്യ സാമ്പത്തികവേദിയുടെ (ഇഇഎഫ്‌) പ്ലീനറി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോഡി.

ഇന്ത്യ മറ്റൊരു രാജ്യത്തിന്‌ ഇത്തരത്തിൽ പ്രത്യേക വായ്‌പാ പരിധി അനുവദിക്കുന്നത്‌ സവിശേഷ സംഭവമാണെന്ന്‌ മോഡി പറഞ്ഞു.  ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം തലസ്ഥാന നഗരങ്ങളിൽ സർക്കാരുകൾ തമ്മിലുള്ള ബന്ധത്തിൽ ഒതുങ്ങുന്നില്ല. അത്‌ ജനങ്ങൾ തമ്മിലും വ്യാപാരത്തിലുമുള്ള സൗഹൃദമാണ്‌.

വ്ലാഡിവോസ്‌റ്റോക്കിൽ ആദ്യം കോൺസുലേറ്റ്‌ തുറന്ന രാജ്യം ഇന്ത്യയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
മേഖലയിൽ ഇന്ത്യയുടെ ഇടപെടലുകൾക്ക്‌ ശക്തിപകരാൻ ലക്ഷ്യമിട്ടുള്ള വിദൂര പൗരസ്‌ത്യനയം റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ സാന്നിധ്യത്തിൽ മോഡി പ്രകാശനംചെയ്‌തു. ഇഇഎഫിൽ ഇന്ത്യ 500 കോടി ഡോളറിന്റെ മൂല്യംവരുന്ന 50 കരാറുകളിലെത്തിയെന്ന്‌ മോഡി പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസിനെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട്‌ ചെയ്‌തു. റഷ്യൻ എണ്ണ, വാതക മേഖലകളിൽ ഇന്ത്യൻ കമ്പനികൾ 700 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന്‌ മോഡി പറഞ്ഞു.

ഇന്തോ–- പസഫിക്‌ മേഖലയെ തുറന്നതും സ്വതന്ത്രവുമാക്കുന്നതിന്‌ ഇന്ത്യയും റഷ്യയും സഹകരണത്തിന്റെ പുതിയ യുഗം ആരംഭിച്ചതായി മോഡി പറഞ്ഞു. വ്ലാഡിവൊസ്‌റ്റോക്കിനും ചെന്നൈയ്‌ക്കുമിടയിൽ കപ്പൽപാത തുറക്കുന്നത്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കും. ടോൾസ്‌റ്റോയിയും മഹാത്മാ ഗാന്ധിയും തമ്മിലുണ്ടായിരുന്ന മായ്‌ക്കാനാകാത്ത ബന്ധത്തിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടുത്തണം എന്ന്‌ മോഡി പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മോഡി ഇന്ത്യയിലേയ്‌ക്ക്‌ മടങ്ങി.


പ്രധാന വാർത്തകൾ
 Top