21 September Saturday

നാട്ടിലേക്ക്‌ മടങ്ങാൻ മടിച്ച്‌ രോഹിൻഗ്യകൾ; തിരിച്ചെത്തിക്കാനുള്ള ഐക്യരാഷ്‌ട്ര സംഘടനയുടെ രണ്ടാം ദൗത്യവും സ്‌തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

യാൻഗൂൺ > വംശഹത്യയെ തുടർന്ന്‌ ബംഗ്ലാദേശിലേക്ക്‌ പലായനംചെയ്‌ത രോഹിൻഗ്യകൾ നാട്ടിലേക്ക്‌ മടങ്ങിപ്പോകാൻ കൂട്ടാക്കുന്നില്ല. ഇതേതുടർന്ന്‌ ഇവരെ മ്യാൻമറിലേക്ക്‌ തിരിച്ചെത്തിക്കാനുള്ള ഐക്യരാഷ്‌ട്ര സംഘടനയുടെ രണ്ടാം ദൗത്യവും സ്‌തംഭിച്ചു. ബംഗ്ലാദേശിലെ കോക്‌സ്‌ ബസാർ ജില്ലയിലുള്ള അഭയാർഥികളിൽ ഒരാൾപോലും മടങ്ങാൻ കൂട്ടാക്കിയില്ല. 3450 രോഹിൻഗ്യകൾക്ക്‌ തിരിച്ചെത്താനുള്ള അനുമതി മ്യാൻമർ നൽകിയിരുന്നു.
ഖുംതും ചെക്‌പോസ്‌റ്റിൽ അഞ്ച്‌ ബസ്‌ അധികൃതർ തയ്യാറാക്കി നിർത്തിയിരുന്നെങ്കിലും ആരും എത്തിയില്ല. സുരക്ഷ ഉറപ്പാക്കുകയും പൗരത്വം നൽകുകയും ചെയ്‌താൽ മാത്രമേ മ്യാൻമറിലേക്ക്‌ മടങ്ങൂവെന്ന നിലപാടിലാണ്‌ രോഹിൻഗ്യകൾ. അതേസമയം, രോഹിൻഗ്യകളെ മടങ്ങുന്നതിൽനിന്ന്‌ ചില ശക്തികൾ വിലക്കുകയാണെന്നും ഇത്‌ പരിശോധിക്കണമെന്നും ബംഗ്ലാദേശ്‌ വിദേശ മന്ത്രി എ കെ അബ്ദുൾ മൊമെൻ പറഞ്ഞു. യുഎൻ കണക്കുപ്രകാരം ഒമ്പതു ലക്ഷത്തിലേറെ രോഹിൻഗ്യകളാണ്‌ ബംഗ്ലാദേശിലുള്ളത്‌. 2017 ആഗസ്‌തിനുശേഷം മ്യാൻമറിലെ രാഖൈൻ പ്രവിശ്യയിൽനിന്ന്‌ പലായനംചെയ്‌ത്‌ എത്തിയവരാണ്‌ ഏഴര ലക്ഷത്തോളം പേരും.


പ്രധാന വാർത്തകൾ
 Top