12 November Tuesday

മദീനക്ക്‌ സമീപം വാഹനാപകടം: ഉംറ തീർത്ഥാടകർ അടക്കം 35 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

റിയാദ്>  സൗദിയിൽ വാഹനാപകടത്തില്‍ ഉംറ തീർത്ഥാടകർ അടക്കം 35 പേർ മരിച്ചു. മദീനയ്ക്ക് സമീപത്തെ ഹിജ്റ റോഡിലാണ് അപകടം നടന്നത്. ഏഷ്യൻ, അറബ് വംശജരാണ് അപകടത്തിൽപ്പെട്ടതെന്ന്‌ കരുതുന്നു.

  ബുധനാഴ്ച രാത്രിയാണ്‌ അപകടമുണ്ടായത്‌. തീർത്ഥാടകരുമായി പോകുകയായിരുന്നു ബസ് മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു. നാല് പേര്‍ക്ക് പരിക്കുണ്ട്. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേര്‍ കിംഗ് ഫഹദ് ആശുപത്രിയിലം ഒരാള്‍ അല്‍ ഹംന ആശുപത്രിയിലും ചികിത്സയിലാണ്.
വിവിധ രാജ്യക്കാരാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരില്‍ മലയാളികളടക്കം ഇന്ത്യക്കാര്‍ ഉണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ സൂചന ലഭിച്ചിട്ടില്ല. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരില്‍ ഒരു ഹൈദരബാദ് സ്വദേശിനിയുണ്ടെന്നാണ് വിവരം.

 ബുധനാഴ്ച രാത്രി ഏഴിന് ഹിജറ് റോഡില്‍ അല്‍ അഖല്‍ ഗ്രാമത്തിനു സമീപമാണ് ദാരുണമായ അപകടം. മദീനയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയാണ് അപകട സ്ഥലം. ബസില്‍ 39 പേരുണ്ടായിരുന്നു. ബംഗ്ലദേശ് പൗരന്‍മാര്‍ നടത്തുന്ന സിയാറ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസില്‍ കൂടുതലും ബംഗ്ലാദേശ്, ഇന്തോനേഷ്യന്‍ ഉംറ തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. നാല് ദിവസത്തെ മക്ക, മദീന സന്ദര്‍ശനത്തിനാണ് സംഘം പുറപ്പെട്ടിരുന്നത്. മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ച ബസ് കത്തിയമരുകയായിരുന്നു.

 പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കാന്‍ മദീന ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. അപകടത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.
അപകടമുണ്ടായ ഉടനെ പരിസരത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സൗദി റെഡ് ക്രസന്റ് അതോറിറ്റി, സിവില്‍ ഡിഫന്‍സ്, പൊലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top