13 November Wednesday

ഏത് വെല്ലുവിളിയും ചെറുക്കും: ഗള്‍ഫ് സേനാ മേധാവികള്‍

അനസ് യാസിന്‍Updated: Saturday Oct 5, 2019

മനാമ >  ഏതു വെല്ലുവിളികളും ഭീകരാക്രമണങ്ങളും ചെറുക്കാന്‍ സൈന്യം സജ്ജമെന്ന് ഗള്‍ഫ് സായുധ സേനാ മേധാവികള്‍ പ്രസ്താവിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും ഇവര്‍ അറിയിച്ചു.

റിയാദില്‍ യോഗാനന്തരം പുറത്തിറക്കിയ പ്രസ്താവനയിലാണ് ജിസിസി സൈനിക മേധാവികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനു വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ സൗദി സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കും. സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും നേരെയുണ്ടായ കടന്നാക്രമണമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സൗദി സായുധ സേനയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഗള്‍ഫ് സായുധ സേനാ മേധാവികള്‍ റിയാദില്‍ അസാധാരണ യോഗം ചേര്‍ന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ സൈനിക ഏകോപനം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടും, മേഖല നേരിടുന്ന വെല്ലുവിളികളും പുതിയ സംഭവവികാസങ്ങളും ആലോചിക്കാനുമായിരുന്നു യോഗം. എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കും സമുദ്ര ഗതാഗത സുരക്ഷക്കും നേരെയുള്ള ഭീഷണികളെ കുറിച്ച് യോഗം വിശകലനം ചെയ്തു. സൈനിക കാര്യങ്ങള്‍ക്കുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലും യോഗത്തില്‍ പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top