07 August Friday

യുഎസിൽ വീണ്ടും വംശവെറിക്കൊല ; പ്രതിഷേധം ആളിക്കത്തുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 15, 2020

റെയ്‌ഷാർഡ്‌ ബ്രുക്‌സിന്റെ കൊലപാതകത്തെത്തുടർന്ന്‌ അറ്റ്‌ലാന്റയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്‌

അറ്റ്‌ലാന്റ
ജോർജ്‌ ഫ്‌ളോയ്‌ഡ്‌ വധത്തിനെതിരെ ഉയർന്ന പ്രതിഷേധം അടങ്ങുംമുമ്പേ അമേരിക്കയിൽ വീണ്ടും പൊലീസിന്റെ വംശീയ കൊലപാതകം. കാറിൽ കിടന്നുറങ്ങിയ റെയ്‌ഷാർഡ്‌ ബ്രൂക്‌സ്‌ (27) എന്ന കറുത്തവംശക്കാരനായ യുവാവിനെയാണ്‌ വെള്ളക്കാരായ രണ്ട്‌ പൊലീസുകാർ കാറിൽനിന്ന്‌ വിളിച്ചിറക്കി വെടിവച്ചുകൊന്നത്‌. ജോർജിയ സംസ്ഥാന തലസ്ഥാനമായ അറ്റ്‌ലാന്റയിൽ വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. യുഎസ്‌ പൊലീസിന്റെ വംശീയക്കലിയിൽ ‌ ഫ്‌ളോയ്‌ഡ്‌ കൊല്ലപ്പെട്ട്‌ മൂന്നാഴ്‌ച തികയുംമുമ്പേ നടന്ന അടുത്ത വംശീയാതിക്രമം വീണ്ടും പ്രതിഷേധം ആളിക്കത്തിച്ചു. വെടിവച്ച ഗാരെറ്റ്‌ റോൾഫ്‌ എന്ന പൊലീസുകാരനെ പിരിച്ചുവിട്ടു. കൂട്ടുപ്രതിയായ ഡെവിൻ ബ്രോസ്‌നനെ നിർബന്ധിത അവധിയിൽ വിട്ടു.

പൊലീസുകാരുടെ ബോഡി ക്യാമറകളിൽനിന്നും വാഹനത്തിലെ ഡാഷ്‌ ക്യാമറകളിൽനിന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായി. നാലു കുട്ടികളുടെ അച്ഛനായ ബ്രൂക്‌സ്‌ മകളുടെ എട്ടാം പിറന്നാൾ ആഘോഷം കഴിഞ്ഞ്‌, പ്രശസ്‌തമായ വെൻഡീസ്‌ റസ്‌റ്റോറന്റിന്റെ പാർക്കിങ്‌ സ്ഥലത്തേക്കുള്ള വഴിയിൽ കാറിട്ട്‌ അതിനകത്ത്‌ കിടന്നുറങ്ങുകയായിരുന്നു. ഉപഭോക്താക്കൾക്ക്‌ പാർക്കിങ്‌ സ്ഥലത്തേക്ക്‌ വാഹനം കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന പരാതിയിൽ എത്തിയ ഡെവിൻ ബ്രോസ്‌നൻ കാറിൽ തട്ടിവിളിച്ച്‌ ബ്രൂക്‌സിനെ ഉണർത്തി. ഇവർ തമ്മിൽ സംസാരത്തിനിടെ 16 മിനിറ്റ്‌ കഴിഞ്ഞാണ്‌ റോൾഫ്‌ ദൃശ്യത്തിൽ വരുന്നത്‌. വീണ്ടും 20 മിനിറ്റോളം സംസാരത്തിനിടെ ബ്രൂക്‌സ്‌ ലഹരി പരിശോധനകളോട് സഹകരിച്ചു. എന്നാൽ, പൊലീസുകാർ അറസ്റ്റിന്‌ ഒരുങ്ങിയപ്പോൾ എതിർത്തു. ഇതിനിടെ, പൊലീസുകാർ ടേസർ ഉപയോഗിച്ച്‌ ഷോക്കടിപ്പിച്ചു. പിടിവലിക്കിടെ വീണ ബ്രൂക്‌സ്‌ ഒരു ടേസർ തട്ടിയെടുത്ത്‌ ഓടുന്നതിനിടെ റോൾഫ്‌ മൂന്നുവട്ടം വെടിവയ്‌ക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചശേഷമാണ്‌ ബ്രൂക്‌സ്‌ മരിച്ചതെന്നാണ്‌ റിപ്പോർട്ട്‌. വിവരമറിഞ്ഞ്‌ ബ്രൂക്‌സിന്റെ ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടി. ചിലർ വെൻഡീസ്‌ റസ്‌റ്റോറന്റിന്‌ തീയിട്ടു. സമീപത്തുകൂടിയുള്ള ദേശീയപാത തടഞ്ഞു. പ്രതിഷേധം ശക്തമാകുന്നതിനിടെ വെള്ളക്കാരിയായ പൊലീസ്‌ മേധാവി എറിക ഷീൽഡ്‌സ്‌ സ്ഥാനം രാജിവച്ചു. പൊലീസുകാർക്കെതിരെ മേയർ കീഷ ലാൻസ്‌ ബോട്ടംസ്‌ നടപടി പ്രഖ്യാപിച്ചു.

ഇതിനിടെ, കറുത്തവംശക്കാരായ രണ്ട്‌ ട്രാൻസ്‌ജെൻഡർ സ്‌ത്രീകൾ കൊല്ലപ്പെട്ടതിന്റെ വിവരം പുറത്തുവന്നതും പ്രതിഷേധത്തിനിടയാക്കി. കലിഫോർണിയയിൽ കറുത്തവംശക്കാരനായ ഒരു യുവാവിന്റെ മൃതദേഹം മരത്തിൽ തൂങ്ങിയനിലയിൽ കണ്ടതും രോഷമുയർത്തി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top