16 July Thursday

പുലിറ്റ്‌സർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; കോൾസൻ വൈറ്റ്‌ഹെഡിന്‌ വീണ്ടും പുലിറ്റ്‌സർ

വെബ് ഡെസ്‌ക്‌Updated: Wednesday May 6, 2020

കോൾസൻ വൈറ്റ്‌ഹെഡ്‌

ന്യൂയോർക്ക്‌
അലാസ്‌കയിലെ പൊതു സുരക്ഷാ സംവിധാനങ്ങളിലെ പോരായ്‌മകൾ വെളിച്ചത്ത്‌ കൊണ്ടുവന്ന ‘ദീ ആങ്കറേജ്‌ ഡെയ്‌ലി ന്യൂസി’നും ‘പ്രോപബ്ലിക്ക’യ്ക്കും പൊതു സേവന വാർത്തകൾക്കുള്ള പുലിറ്റ്‌സർ പുരസ്‌കാരം. അലാസ്‌കയിലെ മൂന്നിലൊന്ന് ഗ്രാമങ്ങൾക്ക് പൊലീസ് സംരക്ഷണം ഇല്ലെന്നാണ്‌ ഇവർ കണ്ടെത്തിയത്‌.

അന്വേണാത്മക റിപ്പോർട്ടിങ്ങിനും അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിനുമുള്ള പുരസ്‌കാരം ന്യൂയോർക്ക്‌ ടൈംസിന്‌ ലഭിച്ചു. വിശദ റിപ്പോർട്ടിങ്‌ വിഭാഗത്തിൽ വാഷിങ്‌ടൺ പോസ്റ്റിനാണ്‌‌ പുരസ്കാരം. കടുത്ത താപനിലമൂലം അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ സംബന്ധിച്ചായിരുന്നു റിപ്പോർട്ടുകൾ. 370ാം വകുപ്പ്‌  റദ്ദാക്കിയശേഷം കശ്‌മീരിൽ നടന്ന സംഭവ വികാസങ്ങൾ ഒപ്പിയെടുത്തതിന്‌ അസോസിയറ്റഡ്‌ പ്രസിന്‌ മികച്ച ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഹോങ്കോങ്ങിലെ സമരചിത്രത്തിന്‌ റോയിട്ടേഴ്‌സിന്‌ ബ്രേക്കിങ്‌ ന്യൂസ്‌ ഫോട്ടോഗ്രഫിക്കുള്ള അവാർഡ്‌ ലഭിച്ചു. ഏപ്രിൽ 20ന്‌ നടത്താറുള്ള പുലിറ്റ്‌സർ പ്രഖ്യാപനം കോവിഡ്‌ മൂലം മാറ്റിവച്ചതായിരുന്നു. മെയ്‌മാസം നടക്കേണ്ട അവാർഡ്‌ദാന സമ്മേളനവും മാറ്റിവയ്‌ക്കും.

കോൾസൻ വൈറ്റ്‌ഹെഡിന്‌ വീണ്ടും പുലിറ്റ്‌സർ

കോൾസൻ വൈറ്റ്‌ഹെഡിന്‌ മികച്ച നോവലിനുള്ള പുലിറ്റ്‌സർ പുരസ്‌കാരം രണ്ടാം തവണ. സാഹിത്യത്തിൽ രണ്ട്‌ തവണ പുലിറ്റ്‌സറിന്‌‌ അർഹനായ നാലാമത്തെയാളാണ്‌ കോൾസൻ. ജെറീക്കോ ബ്രൗണിന്റെ കവിതാസമാഹാരം ‘ദി ട്രഡീഷന്‌’ മികച്ച കവിതയ്ക്കുള്ള പുലിറ്റ്‌സർ  ലഭിച്ചു. അമേരിക്കയിലെ കറുത്ത വംശജരായ എഴുത്തുകാരാണ്‌ ഇരുവരും. വിവിധ സർവകലാശാലകളിൽ അധ്യാപകനായിട്ടുള്ള ജെറീക്കോ നിലവിൽ എമറി സർവകലാശാലയിൽ സർഗരചനാ വിഭാഗം ഡയറക്ടറാണ്‌.

ഫ്ലോറിഡയിലെ ദുർഗുണപരിഹാര പാഠശാലയിൽ കറുത്ത വംശജരായ കുട്ടികളുടെ ദുരവസ്ഥ പ്രമേയമാക്കി എഴുതിയ ‘ദി നിക്കൽ ബോയ്‌സ്‌’ ആണ്‌ കോൾസനെ വീണ്ടും പുലിറ്റ്‌സറിന്‌ അർഹനാക്കിയത്‌. ഫ്ലോറിഡയിലെ ഡോസിയർ സ്‌കൂൾ ഓഫ്‌ ബോയ്‌സിലെ യഥാർഥ സംഭവങ്ങളാണ്‌ നോവലിന്‌ ആധാരമായത്‌. 2017ൽ  ‘ദി അണ്ടർഗ്രൗണ്ട്‌ റയിൽറോഡ്‌’ എന്ന പുസ്‌തകത്തിനും കോൾസന്‌ പുലിറ്റ്‌സർ ലഭിച്ചു. ബൂത്ത്‌ ടാർക്കിങ്‌ടൺ, വില്ല്യം ഫോക്‌നർ, ജോൺ അപ്‌ഡൈക് എന്നിവർക്കാണ്‌ മുമ്പ്‌ രണ്ടു തവണ നോവൽ വിഭാഗത്തിൽ പുലിറ്റ്‌സർ ലഭിച്ചത്‌.


പ്രധാന വാർത്തകൾ
 Top